---
title: "ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപും ഇസ്രായേലും; നിഷേധിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു"
english_title: "Trump and Israel say Khamenei was killed; Iran denies it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344896/trump-and-israel-say-khamenei-was-killed-iran-denies-it"
published_at: "2026-03-01T07:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3a0f0e6ad8_5.jpg"
keywords: []
---

# ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപും ഇസ്രായേലും; നിഷേധിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു

> **Lead Summary:** **വാഷിംഗ്ടൺ/ടെഹ്‌റാൻ: **ശനിയാഴ്ച രാത്രി ഇറാന് നേരെ നടന്ന അതിശക്തമായ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ അധികൃതരും അവകാശപ്പെട്ടു.

## Article Content

**വാഷിംഗ്ടൺ/ടെഹ്‌റാൻ: **ശനിയാഴ്ച രാത്രി ഇറാന് നേരെ നടന്ന അതിശക്തമായ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ അധികൃതരും അവകാശപ്പെട്ടു.

അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഇസ്രായേലുമായി ചേർന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിലൂടെ ഖമനേയിയെ വധിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.

എന്നാൽ, ഈ അവകാശവാദങ്ങൾ തള്ളിയ ഇറാൻ ഭരണകൂടം, ഖമനേയി സുരക്ഷിതനാണെന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അറിയിച്ചു.

ഖമനേയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. ഖമനേയിയുടെ മകളും പേരക്കുട്ടിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ഒരു പ്രാഥമിക വിദ്യാലയത്തിന് നേരെ നടന്ന ആക്രമണം വൻ ദുരന്തമായി മാറി. 85 കുട്ടികൾ ഉൾപ്പെടെ 201 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ഹീനമായ അധിനിവേശമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, ഒരു കാരണവശാലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കി. തിരിച്ചടികൾ ശക്തമാക്കുന്നതിനൊപ്പം പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ് ടെഹ്‌റാൻ.

മേഖലയിൽ യുദ്ധം രൂക്ഷമായതോടെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾ വൻ ഭീതിയിലാണ്. പലരും സുരക്ഷിത കേന്ദ്രങ്ങൾ തേടുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344896/trump-and-israel-say-khamenei-was-killed-iran-denies-it)