---
title: "പുനർനിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനവും പട്ടയവിതരണവും നാളെ"
english_title: "Wayanad Township inauguration and land title distribution tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344881/wayanad-township-inauguration-and-land-title-distribution-tomorrow"
published_at: "2026-02-28T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a324b976bd0_21.jpg"
keywords: []
---

# പുനർനിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനവും പട്ടയവിതരണവും നാളെ

> **Lead Summary:** **കൽപ്പറ്റ: **വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പ് നാളെ ഉദ്ഘാടനം ചെയ്യും.

## Article Content

**കൽപ്പറ്റ: **വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പ് നാളെ ഉദ്ഘാടനം ചെയ്യും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 11-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

ദുരന്തബാധിതരുടെ പുനരധിവാസം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്ന നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായാണ് ഈ ടൗൺഷിപ്പ് ഉയർന്നു വന്നിരിക്കുന്നത്. നാടിന്റെ അതിജീവന ചരിത്രത്തിലെ ഈ സുപ്രധാന മുഹൂർത്തത്തിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു.

ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ടൗൺഷിപ്പിൽ വീടുകൾക്ക് പുറമെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344881/wayanad-township-inauguration-and-land-title-distribution-tomorrow)