---
title: " ഇറാൻ-ഇസ്രായേൽ സംഘർഷം; നയതന്ത്ര പരിഹാരം വേണമെന്ന് വിദേശകാര്യ മന്ത്രാലയം"
english_title: "Iran-Israel conflict; Ministry of External Affairs calls for diplomatic solution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344877/iran-israel-conflict-ministry-of-external-affairs-calls-for-diplomatic-solution"
published_at: "2026-02-28T22:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a31afc86190_17.jpg"
keywords: []
---

#  ഇറാൻ-ഇസ്രായേൽ സംഘർഷം; നയതന്ത്ര പരിഹാരം വേണമെന്ന് വിദേശകാര്യ മന്ത്രാലയം

> **Lead Summary:** **ന്യൂഡൽഹി: **ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.

## Article Content

**ന്യൂഡൽഹി: **ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.

മേഖലയിലെ സമാധാനം തകരുന്ന രീതിയിലുള്ള നീക്കങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളും പിന്തിരിയണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും രാജ്യാന്തര നിയമങ്ങളെയും എല്ലാവരും ബഹുമാനിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

യുദ്ധം ഒഴിവാക്കി പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര തലത്തിലും പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാരുമായി എംബസികൾ വഴി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

അതിനിടെ, സംഘർഷം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ദുബായ് ലക്ഷ്യമിട്ടും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ ശ്രമങ്ങൾ നടന്നതായും ആകാശത്തുവെച്ച് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344877/iran-israel-conflict-ministry-of-external-affairs-calls-for-diplomatic-solution)