---
title: "തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി എം വി ഗോവിന്ദൻ"
english_title: "MV Govindan clarifies CPM's criteria for selecting candidates for the elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344863/mv-govindan-clarifies-cpms-criteria-for-selecting-candidates-for-the-elections"
published_at: "2026-02-28T20:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a30380be9b6_13.jpg"
keywords: []
---

# തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി എം വി ഗോവിന്ദൻ

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എമ്മിന് ഉറപ്പായ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ രണ്ട് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. താൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എമ്മിന് ഉറപ്പായ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ രണ്ട് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. താൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് ഇത്തവണ ഒരാൾ മാത്രമേ മത്സരത്തിനുണ്ടാകൂ. ജി. സുധാകരൻ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അത്തരമൊരു പരിഗണന നിലവിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരരംഗത്തുണ്ടാകും. പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവർ സാധാരണയായി മത്സരിക്കാറില്ലെന്നും, ഇനി മത്സരിക്കണമെങ്കിൽ സെക്രട്ടറി പദവി ഒഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആസൂത്രിതമായ കള്ളപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തനത്തിൽ നിന്ന് പൊതുപ്രവർത്തനത്തിലേക്ക് വന്ന അവർക്കെതിരെ ചില മാധ്യമങ്ങൾ വാർത്തകൾ ചമയ്ക്കുകയാണ്. മുൻപും ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് അവർ വിജയിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും, പശ്ചിമേഷ്യയിലെ പ്രതിസന്ധി കേരളത്തെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344863/mv-govindan-clarifies-cpms-criteria-for-selecting-candidates-for-the-elections)