---
title: "ഇസ്രായേലിൽ അടിയന്തരാവസ്ഥ; ഇറാനിലും ഇസ്രായേലിലും വ്യോമപാതകൾ  പൂർണ്ണമായും അടച്ചു"
english_title: "State of emergency in Israel; Both countries close airspace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344775/state-of-emergency-in-israel-both-countries-close-airspace"
published_at: "2026-02-28T13:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a45620da7_fly.jpg"
keywords: []
---

# ഇസ്രായേലിൽ അടിയന്തരാവസ്ഥ; ഇറാനിലും ഇസ്രായേലിലും വ്യോമപാതകൾ  പൂർണ്ണമായും അടച്ചു

> **Lead Summary:** തെൽഅവീവ്/ തെഹ്റാൻ: ഇസ്രായേൽ ഇറാനുനേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അതീവ ഗുരുതര സാഹചര്യം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ഇതോടെ ദേശീയ-അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി.

## Article Content

തെൽഅവീവ്/ തെഹ്റാൻ: ഇസ്രായേൽ ഇറാനുനേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അതീവ ഗുരുതര സാഹചര്യം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ഇതോടെ ദേശീയ-അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി.

> “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അഭ്യർഥിക്കുന്നു. വ്യോമമേഖല വീണ്ടും തുറന്നാൽ വിമാന ഷെഡ്യൂളുകളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും എയർലൈനുകൾ വഴിയും അറിയിക്കും’ -ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ വ്യോമാതിർത്തിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി മെഹർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മാജിദ് അഖ്‍വാൻ പ്രഖ്യാപിച്ചു.

വിദേശത്തുള്ള ഇസ്രായേലികൾ ദേശീയ സുരക്ഷാ കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണമെന്ന് ഇസ്രായേൽ അറിയിപ്പിൽ പറഞ്ഞു. സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക്, വ്യോമാതിർത്തി വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച അറിയിപ്പ് 24 മണിക്കൂർ മുമ്പ് നൽകുമെന്നും 24 മണിക്കൂർ മുമ്പ് അറിയിച്ചു.

മുൻകരുതലിന്‍റെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറയുന്നത്. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ആയത്തുല്ല അലി ഖാംനഈ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‍കിയാൻ, ആയുധ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിൽ അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധ ഭീഷണിക്കിടെയാണ് ഇസ്രായേലിന്‍റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിർവ്യാപന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344775/state-of-emergency-in-israel-both-countries-close-airspace)