---
title: "വേനലിലും തിളങ്ങാം സ്റ്റൈലായി; ചൂടിനെ തുരത്താൻ ഇതാ ചില 'കൂൾ' ഫാഷൻ ടിപ്സുകൾ!"
english_title: "Some 'cool' fashion tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344760/some-cool-fashion-tips"
published_at: "2026-02-28T12:45:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2967201509_news9.jpg"
keywords: []
---

# വേനലിലും തിളങ്ങാം സ്റ്റൈലായി; ചൂടിനെ തുരത്താൻ ഇതാ ചില 'കൂൾ' ഫാഷൻ ടിപ്സുകൾ!

> **Lead Summary:** **[** കടുത്ത വേനലിനെ പ്രതിരോധിക്കാൻ സ്റ്റൈലിഷ് ആയ വസ്ത്രധാരണ രീതികൾ പരിചയപ്പെടുത്തുകയാണ് ഫാഷൻ ലോകം. ചൂടുകാലത്ത് ശരീരത്തിന് കുളിർമ നൽകുന്ന തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് ഇത്തവണത്തെ ഫാഷൻ ട്രെൻഡുകൾ ഊന്നൽ നൽകുന്നത്.

## Article Content

**[** കടുത്ത വേനലിനെ പ്രതിരോധിക്കാൻ സ്റ്റൈലിഷ് ആയ വസ്ത്രധാരണ രീതികൾ പരിചയപ്പെടുത്തുകയാണ് ഫാഷൻ ലോകം. ചൂടുകാലത്ത് ശരീരത്തിന് കുളിർമ നൽകുന്ന തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് ഇത്തവണത്തെ ഫാഷൻ ട്രെൻഡുകൾ ഊന്നൽ നൽകുന്നത്.

ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഇതിൽ മുൻപന്തിയിൽ. വോയിൽ, കാമ്പ്രിക്, മസ്ലിൻ തുടങ്ങിയ ലൈറ്റ് വെയിറ്റ് കോട്ടൺ ഇനങ്ങൾ വേനൽക്കാലത്തിന് ഏറെ അനുയോജ്യമാണ്.

കോട്ടണിന് പുറമെ വായുസഞ്ചാരവും വിയർപ്പ് ആഗിരണ ശേഷിയുമുള്ള ലിനൻ തുണിത്തരങ്ങളും അവയുടെ ബ്ലെന്റുകളും ഫാഷൻ പ്രേമികൾക്കിടയിൽ പ്രിയമേറുന്നവയാണ്. പ്രകൃതിദത്ത നാരുകളിൽ നിന്ന് നിർമ്മിച്ച മോഡൽ, ടെൻസെൽ തുടങ്ങിയവ ഈർപ്പവും ചൂടും കൂടുതലുള്ള കാലാവസ്ഥയിൽ ശരീരത്തിന് സുഖകരമായ അനുഭവം നൽകുന്നു.

മുളയിൽ നിന്ന് നിർമ്മിക്കുന്ന ബാംബൂ തുണിത്തരങ്ങൾ മൃദുലവും അണുനാശക ശേഷിയുള്ളതുമായതിനാൽ ചർമ്മത്തിന് അലർജി ഉണ്ടാക്കില്ലെന്ന പ്രത്യേകതയുമുണ്ട്. ഡെനിമിന് പകരമായി ഉപയോഗിക്കാവുന്ന ചാമ്പ്രേയും കായിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത പെർഫോമൻസ് ഫാബ്രിക്കുകളും വേനൽക്കാല വസ്ത്രശേഖരത്തിൽ ഇടംപിടിക്കുന്നു.

കൂൾ ഫീലിങ് ആഗ്രഹിക്കുന്നവർക്കായി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന റിഫ്ലെക്റ്റീവ് ഫാബ്രിക്കുകളും മെറ്റാലിക് നിറങ്ങളും വിപണിയിൽ ലഭ്യമാണ്. പ്രൗഢി ആഗ്രഹിക്കുന്നവർക്ക് ഇളം നിറത്തിലുള്ള ലൈറ്റ് വെയ്റ്റ് സിൽക്ക് തിരഞ്ഞെടുക്കാം.

ഇതിനുപുറമെ പരമ്പരാഗത കൈത്തറി ഇനങ്ങളായ ഖാദി, ജാംദാനി, മൽമൽ, ചന്ദേരി, മഹേശ്വരി തുടങ്ങിയവയും വേനൽക്കാലത്ത് സ്റ്റൈലും കംഫർട്ടും ഒരുപോലെ നൽകുന്നവയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344760/some-cool-fashion-tips)