---
title: "ലണ്ടനില്‍ വാടകവീടിന് തീ പിടിച്ചു; രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം"
english_title: "Two Indian students die in London rented house fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344739/two-indian-students-die-in-london-rented-house-fire"
published_at: "2026-02-28T11:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a288ebedb5c_home_fire.jpg"
keywords: []
---

# ലണ്ടനില്‍ വാടകവീടിന് തീ പിടിച്ചു; രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **( **[www.truevisionnews.com]** )** ലണ്ടനിലെ വാടക വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിലാണ് സംഭവം. തെലങ്കാനയില നിസാമബാദ് സ്വദേശി കമിനേനി സായ് ശ്രീകറും ഒപ്പം താമസിച്ചിരുന്ന ഗന്‍ഡി അഭിഷേകുമാണ് മരിച്ചത്. ഫെബ്രുവരി 23നാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തീ പിടിത്തമുണ്ടായത്.

## Article Content

**( **[www.truevisionnews.com]** )** ലണ്ടനിലെ വാടക വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിലാണ് സംഭവം. തെലങ്കാനയില നിസാമബാദ് സ്വദേശി കമിനേനി സായ് ശ്രീകറും ഒപ്പം താമസിച്ചിരുന്ന ഗന്‍ഡി അഭിഷേകുമാണ് മരിച്ചത്. ഫെബ്രുവരി 23നാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തീ പിടിത്തമുണ്ടായത്.

മൂന്നു പേരാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ക്രൊയ്ഡന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ശ്രീകറിന് മസ്തിഷ്ക മരണം സംഭവിച്ചു. പിന്നാലെ മരണത്തിന് കീഴടങ്ങി. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ലണ്ടനിലേക്കെത്തിയ ശ്രീകര്‍ ക്രൊയ്ഡന്‍ യൂണിവേഴ്സിറ്റിയില്‍ പിജി വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചിട്ടുണ്ട്.

ആന്ധ്രയിലെ കാകിനഡ സ്വദേശിയാണ് മരിച്ച ഗന്‍ഡി അഭിഷേക്. മുറിക്കുള്ളില്‍ തിങ്ങി നിറഞ്ഞ പുകയില്‍ ശ്വാസംമുട്ടി അഭിഷേക് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഇവരുടെ സുഹൃത്ത് സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ഇദ്ദേഹം ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344739/two-indian-students-die-in-london-rented-house-fire)