---
title: "ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി"
english_title: "saji cherian unconstitutional speech case supporting report returned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344726/saji-cherian-unconstitutional-speech-case-supporting-report-returned"
published_at: "2026-02-28T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a28167623f0_saji_cheriyan.jpg"
keywords: []
---

# ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) **മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം പാളി. അന്വേഷണം അവസാനിപ്പിക്കാമെന്ന് ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട്‌ ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) **മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം പാളി. അന്വേഷണം അവസാനിപ്പിക്കാമെന്ന് ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട്‌ ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തത് എന്താണെന്ന് ക്രൈംബ്രാഞ്ച് മേധാവി ചോദിച്ചു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണ സംഘത്തിന് വിമർശനവുമുണ്ട്.

തെളിവുകൾ ശേഖരിക്കണമെന്നും അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. മല്ലപ്പള്ളിയില്‍ വച്ച് നടത്തിയ ഈ വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് ലഭിക്കുകയും, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു.

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം.

പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344726/saji-cherian-unconstitutional-speech-case-supporting-report-returned)