---
title: "'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ"
english_title: "'What was shown to Nagaroor SHO was brutal' - Kerala Police Officers Association strongly criticizes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344713/what-was-shown-to-nagaroor-sho-was-brutal-kerala-police-officers-association-strongly-criticizes-new"
published_at: "2026-02-28T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a278d8d24b8_pols.jpg"
keywords: []
---

# 'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

> **Lead Summary:** **തിരുവനന്തപുരം: ** ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ് . നഗരൂരിൽ പൊലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നും പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ് . നഗരൂരിൽ പൊലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നും പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്. വിഷയത്തിൽ ഡിജിപി ശക്തമായ നടപടി അടിയന്തരമായി സ്വീകരിക്കണം. ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്നത് നീതീകരിക്കാനാവില്ല. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരള പൊലീസ്. ഇത്തരം വ്യക്തികളെ സംഘടനകളിൽ നിന്ന് മാറ്റിനിർത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് എത്തിയ നഗരൂർ എസ്എച്ച്ഒയോട് കാണിച്ച ക്രൂരതയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടെയും അവകാശമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾക്കിടയിൽ ഉണ്ടാകുന്ന അതിക്രമങ്ങളിൽ പരാതികൾ ഉണ്ടായാൽ പൊലീസ് കേസെടുക്കുക സ്വാഭാവികമാണ്.

അങ്ങനെ എടുക്കുന്ന കേസുകളിൽ അന്വേഷണം നടത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൻ്റെ ഭാഗമാണ്. ഇത്തരത്തിൽ ഉണ്ടായ ഒരു പരാതിയിൽ തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നൽകുന്നതിനുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്.

വിഷയത്തിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ശക്തമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിക്കുന്നുവെന്ന് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കേരളത്തിലെ പൊതുസമൂഹത്തെ പോലെ തന്നെ ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെയാണ് പൊലീസ് കൈകാര്യം ചെയ്തു വരുന്നത്. എന്നാൽ അത്യപൂർവ്വം ചിലർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്ന രീതി ഒരിക്കലും നീതീകരിക്കാൻ കഴിയില്ല.

ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുക തന്നെ വേണം. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരള പൊലീസ് എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തട്ടെ.

ഇത്തരം അത്യന്തം മോശമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളെ തങ്ങളുടെ പാർട്ടി സംഘടനകളിൽ നിന്ന് മാറ്റി നിർത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതാണ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ പ്രബുദ്ധ കേരളമാകെ ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344713/what-was-shown-to-nagaroor-sho-was-brutal-kerala-police-officers-association-strongly-criticizes-new)