---
title: "പുതിയതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പറന്ന വിമാനം അപകടത്തിൽപ്പെട്ടു; 15 മരണം, 30 പേർക്ക് പരിക്ക്"
english_title: "money carrying cargo plane crashes near bolivia killed 15 people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344689/money-carrying-cargo-plane-crashes-near-bolivia-killed-15-people"
published_at: "2026-02-28T08:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a25eab2f29f_palne_crash.jpg"
keywords: []
---

# പുതിയതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പറന്ന വിമാനം അപകടത്തിൽപ്പെട്ടു; 15 മരണം, 30 പേർക്ക് പരിക്ക്

> **Lead Summary:** **( **[www.truevisionnews.com]** )** പുതിയതായി അച്ചടിച്ച കറൻസിയുമായി പോകുകയായിരുന്ന ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു. അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം എൽ ആൾട്ടോ നഗരത്തിലെ തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നത്.

## Article Content

**( **[www.truevisionnews.com]** )** പുതിയതായി അച്ചടിച്ച കറൻസിയുമായി പോകുകയായിരുന്ന ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു. അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം എൽ ആൾട്ടോ നഗരത്തിലെ തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നത്.

പന്ത്രണ്ടോളം വാഹനങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിൽ സഞ്ചരിച്ചവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനം പറന്നുയരുന്നതിനിടെയാണോ അതോ ഇറങ്ങുന്നതിനിടെയാണോ അപകടമുണ്ടായതെന്നും അന്വേഷിച്ചു വരികയാണ്.

ബൊളീവിയൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ ബാങ്ക് നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തെത്തുടർന്ന് വിമാനം തകർന്നുവീണ പ്രദേശത്തും പരിസരത്തെ റോഡുകളിലും വൻതോതിൽ നോട്ടുകൾ ചിതറിക്കിടന്നു.

ചിതറിക്കിടക്കുന്ന നോട്ടുകൾ കൈക്കലാക്കാൻ ജനങ്ങൾ ഓടിക്കൂടുന്നതായും അവരെ പിരിച്ചുവിടാൻ പോലീസ് പാടുപെടുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന് തീപിടിച്ചെങ്കിലും അഗ്നിശമനസേന ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ബൊളീവിയൻ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344689/money-carrying-cargo-plane-crashes-near-bolivia-killed-15-people)