---
title: "വാഗ്ദാനം പാലിച്ചു; മുണ്ടക്കൈ-ചൂരല്‍മല  ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഇന്ന്"
english_title: "Handover of the first phase of houses built by Muslim League in Wayanad today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344679/handover-of-the-first-phase-of-houses-built-by-muslim-league-in-wayanad-today"
published_at: "2026-02-28T07:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a24ce1864de_HOME.jpg"
keywords: []
---

# വാഗ്ദാനം പാലിച്ചു; മുണ്ടക്കൈ-ചൂരല്‍മല  ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഇന്ന്

> **Lead Summary:** **കല്‍പറ്റ: ** വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും.

## Article Content

**കല്‍പറ്റ: ** വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും.

പ്രിയങ്കാ ഗാന്ധി എംപിയാണ് ചടങ്ങില്‍ മുഖ്യ അതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്‍റെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.

എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. 105 വീടുകളാണ് മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്നത്. അതിലെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുക.

രണ്ടാംഘട്ട വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി മുസ്ലിം ലീഗ് അറിയിച്ചു. നിലവിലുള്ള പ്രൊജക്ട് സെറ്റിന് സമീപം തന്നെയാണ് രണ്ടാംഘട്ട വീടുകളും ഒരുങ്ങുന്നത്. മെയ് 30നകം ഈ വീടുകള്‍ കൂടി സജ്ജമാക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344679/handover-of-the-first-phase-of-houses-built-by-muslim-league-in-wayanad-today)