---
title: "വീണാ ജോർജിനെതിരായ പ്രതിഷേധം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ"
english_title: "Black flag against VeenaGeorge, bail plea of ​​arrested KSU leaders today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344668/black-flag-against-veenageorge-bail-plea-of-arrested-ksu-leaders-today"
published_at: "2026-02-28T06:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a23dff3b9ff_arrest.jpg"
keywords: []
---

# വീണാ ജോർജിനെതിരായ പ്രതിഷേധം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

> **Lead Summary:** **കണ്ണൂർ: **ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

## Article Content

**കണ്ണൂർ: **ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

വധശ്രമമടക്കം ​ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇന്നലെ നൽകിയ ജാമ്യ അപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസിൽ റെയിൽവേ പോലീസിന് ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

അതേസമയം മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്‍റെ വടകര തോടന്നൂരിലെ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍, അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്നും അതിനാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് യുഡിഎഫ് ആരോപണം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.

കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു അടക്കം രംഗത്ത് വന്നിരുന്നു.

യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ഇന്നലെ വൈകിട്ടായിരുന്നു. ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344668/black-flag-against-veenageorge-bail-plea-of-arrested-ksu-leaders-today)