---
title: "മദ്യനയ അഴിമതിക്കേസ്: കുറ്റവിമുക്തനായ അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി "
english_title: "Delhi liquor policy corruption case, Chief Minister calls ArvindKejriwal on phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344657/delhi-liquor-policy-corruption-case-chief-minister-calls-arvindkejriwal-on-phone"
published_at: "2026-02-27T21:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1c11132fec_cm.jpg"
keywords: []
---

# മദ്യനയ അഴിമതിക്കേസ്: കുറ്റവിമുക്തനായ അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി 

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനായ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

**ന്യൂഡൽഹി: **ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനായ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവ് വന്നിരുന്നു. കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് കോടതി വിധി വന്നത്.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

അതേസമയം ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായ ഉടനെ തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ അരവിന്ദ് കെജ്‌രിവാൾ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തി പത്ത് സീറ്റിൽ കൂടുതൽ ബിജെപി നേടി കാണിക്കൂ എങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കാം എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ വെല്ലുവിളി.

ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായെന്ന കോടതി വിധിക്ക് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കെജ്‌രിവാളിൻ്റെ പ്രതികരണം. മദ്യനയക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു അദേഹത്തിൻ്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഡൽഹി ദുരിതത്തിലാണെന്നും കെജ്‌രിവാൾ പറയുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344657/delhi-liquor-policy-corruption-case-chief-minister-calls-arvindkejriwal-on-phone)