---
title: "പഞ്ചസാരയോട് 'നോ' പറയാം; മധുരം ഉപേക്ഷിച്ചാൽ ശരീരം മാറുന്നത് ഇങ്ങനെ!"
english_title: "Say 'no' to sugar; this is how your body changes when you give up sweets!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344630/say-no-to-sugar-this-is-how-your-body-changes-when-you-give-up-sweets"
published_at: "2026-02-27T17:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a18116d999f_Say_no_to_sugar;_this_is_how_your_body_changes_when_you_give_up_sweets.jpg"
keywords: []
---

# പഞ്ചസാരയോട് 'നോ' പറയാം; മധുരം ഉപേക്ഷിച്ചാൽ ശരീരം മാറുന്നത് ഇങ്ങനെ!

> **Lead Summary:** മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ നാം നിത്യവും ഉപയോഗിക്കുന്ന പഞ്ചസാര ഒരു 'സൈലന്റ് കില്ലർ' ആണെന്ന് പലരും തിരിച്ചറിയുന്നില്ല. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്കു പുറമെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെപ്പോലും സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയാൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

## Article Content

മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ നാം നിത്യവും ഉപയോഗിക്കുന്ന പഞ്ചസാര ഒരു 'സൈലന്റ് കില്ലർ' ആണെന്ന് പലരും തിരിച്ചറിയുന്നില്ല. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്കു പുറമെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെപ്പോലും സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയാൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ അമിതവണ്ണം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കൂടാതെ, ചർമ്മത്തിലെ ചുളിവുകൾ മാറി പ്രായക്കുറവ് തോന്നിപ്പിക്കാനും ഇത് സഹായിക്കുന്നു. പെട്ടെന്ന് തളർച്ച തോന്നുന്നവർക്ക് പഞ്ചസാര ഒഴിവാക്കുന്നത് വഴി ഊർജ്ജസ്വലത നിലനിർത്താൻ സാധിക്കും. മധുരത്തോടുള്ള അമിത താല്പര്യം കുറച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് മാറാൻ ചെറിയൊരു നിയന്ത്രണം വലിയ മാറ്റങ്ങൾ കൊണ്ടുവരും.

**പ്രമേഹം ഒഴിവാക്കാം**

മധുരം ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇത് പ്രമേഹമുണ്ടാകാന്‍ കാരണമാകും. പ്രമേഹം മറ്റ് രോഗങ്ങളിലേക്കും വഴിതെളിക്കും. പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹസാധ്യത ഇല്ലാതാവുകയും ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിക്കുകയും ചെയ്യും.

**ശരീരഭാരം കുറയാന്‍ സഹായിക്കും**

ഒരാളുടെ ശരീരഭാരം വര്‍ധിക്കുന്നതില്‍ മധുരത്തിന് വലിയ പങ്കുണ്ട്. ജീവിതശൈലീ രോഗങ്ങളില്‍നിന്ന് രക്ഷനേടാന്‍ പഞ്ചസാര നിയന്ത്രിക്കുന്നത് ഏറ്റവും പ്രധാനമാണ്. മധുരം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. വയറ് കുറയാനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കും.

**ചര്‍മ്മത്തിന് തിളക്കം ലഭിക്കും**

പഞ്ചസാര ഒഴിവാക്കിയാല്‍ ചര്‍മ്മത്തിനും വളരെയധികം വ്യത്യാസം ഉണ്ടാകുന്നു. ചര്‍മ്മം തിളക്കമുള്ളതാവുകയും പ്രായക്കുറവ് തോന്നുകയും ചെയ്യും. മാത്രമല്ല ചര്‍മ്മത്തിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

**ക്ഷീണം മാറി ഉന്മേഷം തോന്നും**

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ക്ഷീണം കുറയുകയും ഉന്മേഷം ഉണ്ടാവുകയും ചെയ്യും. സാധാരണയായി പഞ്ചസാരയുടെ അമിത അളവ് ശരീരത്തില്‍ ഉണ്ടാകുമ്പോള്‍ ഉന്മേഷം നഷ്ടപ്പെടുകയും ഊര്‍ജം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.

**ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയുന്നു**

മധുരം അമിതമായി കഴിക്കുന്നവരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം,ഹൃദ്രോഗസാധ്യത എന്നിവ വര്‍ധിക്കുന്നു.മധുരം ഒഴിവാക്കിയാല്‍ പ്രമേഹം മാത്രമല്ല രക്തസമ്മര്‍ദ്ദവും നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. മാത്രമല്ല ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യും.

**കരളിന്റെ ആരോഗ്യം നന്നാകുന്നു**

പഞ്ചസാരയുടെ ഉപയോഗം ഫാറ്റിലിവറിന് കാരണമാകും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ കരള്‍ പ്രശ്‌നത്തിലാകും. ഇത് ഒഴിവാക്കാന്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.

**പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു**

പല്ലുകളുടെ ആരോഗ്യവും മധുരത്തിന്റെ ഉപയോഗവുംതമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ വളരാന്‍ മധുരം സഹായിക്കും. അതുകൊണ്ട് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മധുരം ഒഴിവാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344630/say-no-to-sugar-this-is-how-your-body-changes-when-you-give-up-sweets)