---
title: "'51 വെട്ട് വെട്ടാനാണോ?, കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണെന്ന്  മറുപടി'; തോടന്നൂരിലെ ബിതുൽ ബാലനെതിരെ ഡിവൈഎഫ്‌ഐയുടെ പ്ലാൻ; വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്"
english_title: "DYFI's 'plan' against BithulBalan; WhatsApp chats leaked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344621/dyfis-plan-against-bithulbalan-whatsapp-chats-leaked-new-update"
published_at: "2026-02-27T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a175db79f7a_chat.jpg"
keywords: []
---

# '51 വെട്ട് വെട്ടാനാണോ?, കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണെന്ന്  മറുപടി'; തോടന്നൂരിലെ ബിതുൽ ബാലനെതിരെ ഡിവൈഎഫ്‌ഐയുടെ പ്ലാൻ; വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്

> **Lead Summary:** **കോഴിക്കോട്: **ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസിൽ റിമാൻഡിലായ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലനെ ആക്രമിക്കാൻ ഡിവൈഎഫ്‌ഐ നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ഇതിന് തെളിവായി ഡിവൈഎഫ്‌ഐ നേതാക്കളുടെ വാട്‌സാപ്പ് ചാറ്റുകൾ കോൺഗ്രസ് പുറത്തുവിട്ടു.

## Article Content

**കോഴിക്കോട്: **ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസിൽ റിമാൻഡിലായ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലനെ ആക്രമിക്കാൻ ഡിവൈഎഫ്‌ഐ നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ഇതിന് തെളിവായി ഡിവൈഎഫ്‌ഐ നേതാക്കളുടെ വാട്‌സാപ്പ് ചാറ്റുകൾ കോൺഗ്രസ് പുറത്തുവിട്ടു.

 ബിതുലിന്റെ വീട് അന്വഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ വാട്‌സാപ്പ് ചാറ്റാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചാറ്റ്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി. ബിതുലിന്റെ വീട് അന്വേഷിക്കുന്നതും അവനെ ആക്രമിക്കാനാണോ വീട് അന്വേഷിക്കുന്നത് എന്നതുമായ സന്ദേശങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നത്. 51 വെട്ട് വെട്ടാനാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണെന്ന് മറ്റൊരാള്‍ മറുപടി നല്‍കുന്നുണ്ട്.

ബിതുല്‍ ബാലന്റെ വടകര തിരുവള്ളൂരിലെ വീടിനു നേര്‍ക്ക് ബോംബെറിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ബോംബേറിന് പിന്നില്‍ സിപിഎം ആണെന്ന് കുടുംബവും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. അതേസമയം ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവ് ബിതുലിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അക്രമം നടന്ന ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരക്കാരുടെ നിഴല്‍ പോലും മന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്ന് ഉറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മുദ്രാവാക്യം വിളിച്ചത് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉളുക്കിയ കഴുത്തിന് ഇത്രയും വേദനയുണ്ടെങ്കില്‍ ഉഷയും ഹര്‍ഷീനയും എത്ര വേദന അനുഭവിച്ചിരിക്കും. കണ്ണൂരിലേയും കോഴിക്കോട്ടെയും സിപിഐഎം പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ ബിതുലിന് ആദരാഞ്ജലിയാണ് നേരുന്നത്. കരിങ്കൊടി കാണിച്ചതിനാണോ അഡ്വാന്‍സ് ആദരാഞ്ജലി എന്നും വീടിന് ബോംബെറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344621/dyfis-plan-against-bithulbalan-whatsapp-chats-leaked-new-update)