---
title: "തുറന്നുകൊടുത്ത് ദിവസങ്ങൾ മാത്രം; കൊല്ലത്ത് മേൽപ്പാതയിൽ വിള്ളലും ചരിവും, പാത അടച്ചു!"
english_title: "Crack and slope on the National Highway flyover"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344609/crack-and-slope-on-the-national-highway-flyover"
published_at: "2026-02-27T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a16c0caccfb_tru20.jpg"
keywords: []
---

# തുറന്നുകൊടുത്ത് ദിവസങ്ങൾ മാത്രം; കൊല്ലത്ത് മേൽപ്പാതയിൽ വിള്ളലും ചരിവും, പാത അടച്ചു!

> **Lead Summary:** **കൊല്ലം: [** സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച മേൽപ്പാതകളിലും അനുബന്ധ നിർമ്മാണങ്ങളിലും ഗുരുതരമായ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

## Article Content

**കൊല്ലം: [** സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച മേൽപ്പാതകളിലും അനുബന്ധ നിർമ്മാണങ്ങളിലും ഗുരുതരമായ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കൊല്ലം ചാത്തന്നൂർ തിരുമുക്കിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത മേൽപ്പാതയിൽ ദിവസങ്ങൾക്കകം വിള്ളലും ചരിവും കണ്ടെത്തിയതിനെത്തുടർന്ന് പാത അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെയാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്.

നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ രൂപപ്പെട്ട വിള്ളലിലൂടെ മഴവെള്ളം ഇറങ്ങി വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശം.

സമാനമായ രീതിയിൽ തൃശൂർ ജില്ലയിലെ ദേശീയപാത നിർമ്മാണത്തിലും വലിയ അപാകതകൾ ദൃശ്യമാകുന്നുണ്ട്. മുരിങ്ങൂരിൽ അടിപ്പാതയുടെ നിർമ്മാണത്തിനായി ഉയർത്തിയ പാർശ്വഭിത്തിയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു.

വാഹനയാത്രികർ തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ചിറങ്ങരയിലും സമാനമായ രീതിയിൽ പലതവണ സ്ലാബുകൾ വീഴുകയും തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും അശാസ്ത്രീയമായും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344609/crack-and-slope-on-the-national-highway-flyover)