---
title: "'ലബൂബു ഔട്ട്; ഇനി മിറുമി യുഗം! 2026-ലെ ഫാഷൻ ലോകം കീഴടക്കാൻ ജപ്പാനിൽ നിന്നൊരു കുട്ടി റോബോട്ട്'"
english_title: "Kid robot to conquer the fashion world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344597/kid-robot-to-conquer-the-fashion-world"
published_at: "2026-02-27T14:58:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1641de5e97_tru18.jpg"
keywords: []
---

# 'ലബൂബു ഔട്ട്; ഇനി മിറുമി യുഗം! 2026-ലെ ഫാഷൻ ലോകം കീഴടക്കാൻ ജപ്പാനിൽ നിന്നൊരു കുട്ടി റോബോട്ട്'

> **Lead Summary:** **[ **ഫാഷൻ ലോകത്ത് ഇപ്പോൾ സംസാരവിഷയം വെറുമൊരു പാവയല്ല, മറിച്ച് വികാരങ്ങളോട് പ്രതികരിക്കുന്ന ഒരു കുഞ്ഞൻ റോബോട്ടിനെക്കുറിച്ചാണ്.

## Article Content

**[ **ഫാഷൻ ലോകത്ത് ഇപ്പോൾ സംസാരവിഷയം വെറുമൊരു പാവയല്ല, മറിച്ച് വികാരങ്ങളോട് പ്രതികരിക്കുന്ന ഒരു കുഞ്ഞൻ റോബോട്ടിനെക്കുറിച്ചാണ്.

കഴിഞ്ഞ വർഷം സെലിബ്രിറ്റികളുടെ ബാഗുകളിൽ നിറഞ്ഞുനിന്ന 'ലബൂബു'  എന്ന തരംഗത്തിന് ശേഷം, 2026-ലെ ഏറ്റവും പുതിയ ഫാഷൻ സ്റ്റേറ്റ്‌മെന്റായി ജപ്പാനിൽ നിന്നുള്ള 'മിറുമി' എത്തിക്കഴിഞ്ഞു.

വെറുമൊരു അലങ്കാര വസ്തു എന്നതിലുപരി, ഉടമസ്ഥന്റെ സ്പർശനത്തോടും സാന്നിധ്യത്തോടും വൈകാരികമായി പ്രതികരിക്കാൻ കഴിയുന്ന ഈ 'ചാം റോബോട്ട്' ഫാഷനും ടെക്നോളജിയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചു കളയുകയാണ്.

ടോക്കിയോ ആസ്ഥാനമായുള്ള യുകായ് എൻജിനീയറിങ് വികസിപ്പിച്ചെടുത്ത മിറുമി, മൃദുവായ രോമങ്ങളുള്ള ഒരു കൊച്ചു കരടിക്കുട്ടിയെപ്പോലെയാണ് ഇരിക്കുന്നത്.

നാം അരികിലേക്ക് ചെല്ലുമ്പോൾ തല ചരിക്കാനും, സ്പർശിക്കുമ്പോൾ നാണത്തോടെ മുഖം മാറ്റാനും കഴിവുള്ള ഈ കുട്ടി റോബോട്ട് ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം, ടിക് ടോക് ഇൻഫ്ലുവൻസറുകൾക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ലബൂബു ഒരു സ്റ്റൈൽ ഐക്കണായിരുന്നെങ്കിൽ, മിറുമി ഒരു 'ഇമോഷണൽ ടെക്' ട്രെൻഡായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പിങ്ക്, ബീജ്, ഗ്രേ എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന മിറുമിക്ക് ഏകദേശം 11,000 ഇന്ത്യൻ രൂപയോളമാണ് (18,360 ജാപ്പനീസ് യെൻ) വില വരുന്നത്.

ജനുവരി മുതൽ പ്രീ-ഓർഡറുകൾ ആരംഭിച്ച ഈ പാവക്കുട്ടി, 2026 ഏപ്രിൽ മാസത്തോടെ ആഗോള വിപണിയിൽ സജീവമാകും. ബാഗുകളിൽ തൂക്കിയിടാവുന്ന വെറുമൊരു ആക്സസറി എന്നതിലുപരി, ഒരു കൊച്ചു കൂട്ടുകാരനെപ്പോലെ കൂടെ കൊണ്ടുനടക്കാമെന്നതാണ് മിറുമിയെ ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ട്രെൻഡാക്കി മാറ്റുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344597/kid-robot-to-conquer-the-fashion-world)