---
title: "'സത്യം ജയിച്ചു'; ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‍രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി"
english_title: "Delhi liquor policy corruption case: Arvind Kejriwal and Deputy Chief Minister Manish Sisodia dropped from the list of accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344525/delhi-liquor-policy-corruption-case-arvind-kejriwal-and-deputy-chief-minister-manish-sisodia-dropped-from-the-list-of-accused-new-update"
published_at: "2026-02-27T11:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13308cf2a8_aravind.jpg"
keywords: []
---

# 'സത്യം ജയിച്ചു'; ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‍രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

> **Lead Summary:** **ദില്ലി: **ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി.

## Article Content

**ദില്ലി: **ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി.

തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു.  ഡൽഹിയിലെ മദ്യ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്ന 'സൗത്ത് ഗ്രൂപ്പിൽ' നിന്ന് കെജ്‌രിവാളും, സിസോദിയയും, ആം ആദ്മി പാർട്ടിയും കൈക്കൂലി വാങ്ങി എന്നായിരുന്നു ഇ.ഡി ആരോപണം.

2021–22 സാമ്പത്തിക വർഷം ഡൽഹി സർക്കാർ നടപ്പിലാക്കിയ എക്സൈസ് നയത്തിൽ നിന്ന് ഈ ഗ്രൂപ്പ് ലാഭം നേടിയതായി ആരോപിക്കപ്പെട്ടു. ചില മൊത്തവ്യാപാര മദ്യ ഓപ്പറേറ്റർമാർക്ക് 12 ശതമാനം ലാഭവിഹിതം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഡൽഹി എക്സൈസ് നയം നടപ്പിലാക്കിയതെന്നായിരുന്നു ആരോപണം.

അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ, സിസോദിയ, ആം ആദ്മി എംപി സഞ്ജയ് സിംഗ്, പാർട്ടിയുടെ മുൻ മാധ്യമ മേധാവി വിജയ് നായർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തരുന്നു.

അഴിമതിയിലൂടെ 1,100 കോടി നേടിയെന്നായിരുന്നു ഇ.ഡി ആരോപണം. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ധനസഹായം നൽകാൻ 100 കോടി രൂപയുടെ കൈക്കൂലിക്ക് പുറമേ അധിക ഫണ്ട് ആവശ്യപ്പെട്ടതായും ഇ.ഡി ആരോപിച്ചിരുന്നു.

അതേസമയം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ അറിയിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്‌രിവാൾ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344525/delhi-liquor-policy-corruption-case-arvind-kejriwal-and-deputy-chief-minister-manish-sisodia-dropped-from-the-list-of-accused-new-update)