---
title: "ചരിത്രം ഉണരുന്നു; നവീകരിച്ച ചിലക്കൂർ തുരങ്കത്തിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി"
english_title: "Chief Minister takes boat trip through Chilakur tunnel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344497/chief-minister-takes-boat-trip-through-chilakur-tunnel"
published_at: "2026-02-27T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a11d4a8c17e_tru4.jpg"
keywords: []
---

# ചരിത്രം ഉണരുന്നു; നവീകരിച്ച ചിലക്കൂർ തുരങ്കത്തിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** **[** കേരളത്തിന്റെ പശ്ചിമതീര ജലപാത വികസനത്തിൽ നിർണ്ണായകമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം:** **[** കേരളത്തിന്റെ പശ്ചിമതീര ജലപാത വികസനത്തിൽ നിർണ്ണായകമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

നവീകരിച്ച ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിലൂടെ വൈദ്യുത ബോട്ടിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തത് ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല നിലവിൽ വരുമെന്നും ഇത് ചരക്ക് നീക്കത്തിന് വലിയ വേഗത നൽകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

റോഡ് വഴിയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ എളുപ്പത്തിൽ എത്തിക്കാനും ഈ പദ്ധതി സഹായിക്കും. ഏകദേശം 325 കോടി രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ട വികസനം പൂർത്തിയാക്കിയത്.

ഇതിൽ 150 കോടി രൂപയും പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ 579 കുടുംബങ്ങളുടെ പുനരധിവാസത്തിനായാണ് വിനിയോഗിച്ചത്. പൈതൃക ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ചിലക്കൂർ തുരങ്കത്തിനുള്ളിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ആസ്പദമാക്കിയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്.

തിരുവിതാംകൂർ ഭരണകാലത്ത് നിർമ്മിച്ച ഈ ചരിത്ര സ്മാരകം ദശകങ്ങളോളം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. സിയാലിന്റെയും ക്വില്ലിന്റെയും നേതൃത്വത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങളിലൂടെയാണ് ഇപ്പോൾ ഇത് വീണ്ടും തുറന്നുകൊടുത്തത്.

കോവളം മുതൽ ബേക്കൽ വരെയുള്ള 616 കിലോമീറ്റർ ജലപാത പൂർത്തിയാകുന്നതോടെ കേരളത്തിലെ ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344497/chief-minister-takes-boat-trip-through-chilakur-tunnel)