---
title: "കളിച്ചുകൊണ്ടിരിക്കെ കാണാതായി, നാലുവയസ്സുകാരനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; അമ്മാവനും ഭാര്യയും പിടിയില്‍"
english_title: "Uncle and wife arrested after confession that they killed and buried a four-year-old boy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344483/uncle-and-wife-arrested-after-confession-that-they-killed-and-buried-a-four-year-old-boy"
published_at: "2026-02-27T08:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1097db677d_child_missing.jpg"
keywords: []
---

# കളിച്ചുകൊണ്ടിരിക്കെ കാണാതായി, നാലുവയസ്സുകാരനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; അമ്മാവനും ഭാര്യയും പിടിയില്‍

> **Lead Summary:** **( **[www.truevisionnews.com]** ) **ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ നാലുവയസ്സുകാരനെ അമ്മാവനും അമ്മായിയും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 2020ലാണ് തില്ലു എന്ന ഓമനപ്പേരുള്ള പ്രിന്‍സിനെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്.

## Article Content

**( **[www.truevisionnews.com]** ) **ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ നാലുവയസ്സുകാരനെ അമ്മാവനും അമ്മായിയും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 2020ലാണ് തില്ലു എന്ന ഓമനപ്പേരുള്ള പ്രിന്‍സിനെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്.

ഓഗസ്റ്റ് 16ന് കാണാതായ കുട്ടിക്കായി പലയിടത്തും തിരച്ചില്‍ നടത്തി. 2021ല്‍ കുടുംബം ഹൈക്കോടതയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി, ഇതോടെയാണ് കുട്ടിയെ കാണാതായ കേസില്‍ പൊലീസിന്റെ വിശദമായ അന്വേഷണം നടന്നത്.

വര്‍ഷങ്ങളോളം ഒരു തുമ്പും കിട്ടാതിരുന്ന കേസില്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായത്. ഏഴ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസില്‍ മാറിമാറി വന്നിട്ടും രക്ഷയുണ്ടായില്ല.

ഒടുവില്‍ കേസ് എങ്ങനെയെങ്കിലും തെളിയിക്കണമെന്നും അതിന് സാധ്യമായ എല്ലാ അന്വേഷണവും നടത്തണമെന്നും ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതോടെയാണ് കുടുംബാംഗങ്ങളെയടക്കം വീണ്ടും വിശദമായി ചോദ്യം ചെയ്തതും ബന്ധുക്കള്‍ കുറ്റസമ്മതം നടത്തിയതും. അമ്മാവനും അമ്മായിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി ഡൽഹി-മുംബൈ എക്സ്പ്രസ് പാതയ്ക്കു സമീപം കുഴിച്ചുമൂടിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി ഡൽഹി-മുംബൈ എക്സ്പ്രസ് പാതയ്ക്ക് സമീപം മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചു കഴിഞ്ഞു. മണ്ണിനടിയിലുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായി ജിപിആര്‍ മെഷീന്‍ ഡല്‍ഹിയില്‍ നിന്നുമെത്തിച്ചു. ഈ ഭാഗത്ത് വലിയതോതിലുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതുകൊണ്ടു തന്നെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നത് പൊലീസിനു വലിയ വെല്ലുവിളിയാകും.

ജിപിആര്‍ പരിശോധനയില്‍ 30 അടി താഴ്ചയില്‍ സിഗ്നല്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജെസിബി മെഷീനുകൾ ഉപയോഗിച്ച് മൂന്ന് ദിവസമായി പരിശോധന തുടരുകയാണ്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് കുട്ടിയെ അമ്മാവനായ അനിലും കൃഷ്ണയും കൊന്നുകുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. ഇരുവരെയും അറസ്റ്റ് ചെയ്ത് മാർച്ച് 1 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രിൻസിനെ കാണാതായ സമയത്ത് ഇവര്‍ രണ്ടുപേരും കുട്ടിയെ തിരയാനായി ഒപ്പമുണ്ടായിരുന്നുവെന്ന് പ്രിന്‍സിന്റെ സഹോദരങ്ങള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344483/uncle-and-wife-arrested-after-confession-that-they-killed-and-buried-a-four-year-old-boy)