---
title: "കോഴിക്കോട് വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ ഒ. സദാശിവൻ"
english_title: "kozhikode corporation mayor about compensation to the families of those who died in the valiyangadi building accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344405/kozhikode-corporation-mayor-about-compensation-to-the-families-of-those-who-died-in-the-valiyangadi-building-accident"
published_at: "2026-02-26T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a01c766c4e7_o_sadhasivan.jpg"
keywords: []
---

# കോഴിക്കോട് വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ ഒ. സദാശിവൻ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. നഷ്ടപരിഹാരത്തിനായും ആശ്രിതർക്ക് ജോലി നൽകുന്നതിനായും സർക്കാരിലേക്ക് ശുപാർശ ചെയ്യും.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. നഷ്ടപരിഹാരത്തിനായും ആശ്രിതർക്ക് ജോലി നൽകുന്നതിനായും സർക്കാരിലേക്ക് ശുപാർശ ചെയ്യും.

സർക്കാർതല അന്വേഷണം നടത്തണമെന്ന കാര്യത്തിലും ശുപാർശ നൽകുമെന്നും മേയർ ഒ. സദാശിവൻ വ്യക്തമാക്കി. അതേസമയം, കോർപ്പറേഷന്റെ തനത് ഫണ്ടിൽനിന്ന് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഈ മാസം 23നാണ് കോര്‍പ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണത്. സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. കെട്ടിടം അൺഫിറ്റ് ആയിരുന്നു.

അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്. 2024ൽ തന്നെ ഡിപിആറും തയ്യാറാക്കിയതാണ്. എന്നാൽ എന്തുകൊണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

അപകടത്തിന് പിന്നാലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിലെ കടമുറികൾ ഒഴിയാൻ കോർപ്പറേഷൻ നോട്ടീസ് പതിച്ചിരുന്നു. അഞ്ച് മുറികൾ ഒഴിയാൻ ആണ് നോട്ടീസ് പതിച്ചത്. കടമുറിയിലെ സാധനങ്ങൾ മാറ്റി മുറി ഒഴിഞ്ഞ ശേഷം രേഖാമൂലം കോർപ്പറേഷനെ അറിയിക്കണമെന്ന് നോട്ടീസിൽ നിർദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344405/kozhikode-corporation-mayor-about-compensation-to-the-families-of-those-who-died-in-the-valiyangadi-building-accident)