---
title: "ദൃശ്യങ്ങളിലുള്ളത് ഗൺമാൻ, കെ.എസ്.യുക്കാരനല്ല; മന്ത്രിയെ ആക്രമിച്ചെന്ന പ്രചാരണം വ്യാജം; സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്"
english_title: "The propaganda that the minister was attacked is false; Youth Congress demands that the speaker's phone be checked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344314/the-propaganda-that-the-minister-was-attacked-is-false-youth-congress-demands-that-the-speakers-phone-be-checked-new-"
published_at: "2026-02-26T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fd9e74d85f_shamseer.jpg"
keywords: []
---

# ദൃശ്യങ്ങളിലുള്ളത് ഗൺമാൻ, കെ.എസ്.യുക്കാരനല്ല; മന്ത്രിയെ ആക്രമിച്ചെന്ന പ്രചാരണം വ്യാജം; സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

> **Lead Summary:** **കണ്ണൂർ: ** ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക്. മന്ത്രിയെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്പീക്കറുടെ ഫോൺ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

## Article Content

**കണ്ണൂർ: ** ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക്. മന്ത്രിയെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്പീക്കറുടെ ഫോൺ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

മന്ത്രിയെ ആക്രമിച്ചെന്ന് കാട്ടി സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന് കെ.എസ്.യു ആരോപിക്കുന്നു. ദൃശ്യങ്ങളിൽ മന്ത്രിയുടെ വലതുഭാഗത്തുള്ളത് കെ.എസ്.യു പ്രവർത്തകനല്ലെന്നും മന്ത്രിയുടെ ഗൺമാനാണെന്നും  കെ എസ് യു ആരോപിക്കുന്നു.

തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ല. കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഗൺമാൻ നിൽക്കുന്ന ദൃശ്യങ്ങൾ കാട്ടി പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. അക്രമം നടക്കാത്ത സംഭവത്തിൽ അക്രമം നടന്നുവെന്ന് വരുത്തിത്തീർക്കാൻ സ്പീക്കർ ഇടപെട്ടു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

അതേസമയം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവെ പൊലീസ് അപേക്ഷ നൽകി. പാലക്കാട് ഡിവിഷണൽ ഓഫീസർ ക്കാണ് അപേക്ഷ നൽകിയത്. സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും

അതേസമയം, കേസിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ അടക്കമുള്ള അഞ്ചു പ്രവർത്തകരാണ് റിമാൻഡിലായത്.വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു.

കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതികളെ റിമാൻസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344314/the-propaganda-that-the-minister-was-attacked-is-false-youth-congress-demands-that-the-speakers-phone-be-checked-new-)