---
title: "സഞ്ജു സാംസൺ തിരിച്ചെത്തുന്നു; നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടാൻ ഇന്ത്യ "
english_title: "India to face Zimbabwe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344290/india-to-face-zimbabwe"
published_at: "2026-02-26T09:32:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fc6343f52f_tru2.jpg"
keywords: []
---

# സഞ്ജു സാംസൺ തിരിച്ചെത്തുന്നു; നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടാൻ ഇന്ത്യ 

> **Lead Summary:** **ചെന്നൈ: [** ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ടീം ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടാനൊരുങ്ങുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് ഈ ജീവന്മരണ പോരാട്ടം നടക്കുന്നത്.

## Article Content

**ചെന്നൈ: [** ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ടീം ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടാനൊരുങ്ങുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് ഈ ജീവന്മരണ പോരാട്ടം നടക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോൽവിയും മോശം നെറ്റ് റൺറേറ്റും ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇന്ന് വലിയൊരു വിജയം സൂര്യകുമാർ യാദവിനും സംഘത്തിനും അനിവാര്യമാണ്.

മലയാളി താരം സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇടങ്കയ്യൻ ബാറ്റർമാർ കൂടുതലുള്ള മുൻനിരയിൽ ബാലൻസ് കൊണ്ടുവരാൻ സഞ്ജുവിന്റെ സാന്നിധ്യം സഹായിക്കുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു.

തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിന് അവസരം ലഭിച്ചാൽ അത് താരത്തിന് സ്വന്തം തട്ടകമായ ചെപ്പോക്കിലെ ആവേശകരമായ തിരിച്ചുവരവാകും. കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ റിങ്കു സിംഗിന്റെ അഭാവത്തിൽ സഞ്ജുവിന്റെ വരവ് ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലും ഇന്നത്തെ ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. മറുഭാഗത്ത് ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തിയ സിംബാബ്‌വെ ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.

എങ്കിലും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ പത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം എന്നത് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. സിംബാബ്‌വെയെ തോൽപ്പിക്കുന്നതിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞ് അഹമ്മദാബാദിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇൻഡീസ് മത്സരഫലവും ഇന്ത്യക്ക് പ്രധാനമാണ്.

ദക്ഷിണാഫ്രിക്ക ജയിക്കുന്നത് ഇന്ത്യയുടെ സെമി സാധ്യതകൾക്ക് കൂടുതൽ കരുത്ത് പകരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344290/india-to-face-zimbabwe)