---
title: "അടുക്കളത്തറയിൽ അമ്മയ്ക്ക് കുഴിമാടം; 75-കാരിയെ കുഴിച്ചുമൂടിയത് ആരും അറിയാതെ; നടുക്കം മാറാതെ പള്ളിത്തോട്, അസ്വാഭാവിക മരണത്തിന്  കേസെടുത്തു "
english_title: "Radha's murder at Pallithodu, case of unnatural death filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344138/radhas-murder-at-pallithodu-case-of-unnatural-death-filed-NEW-"
published_at: "2026-02-25T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ea35721d92_DEaTH.jpg"
keywords: []
---

# അടുക്കളത്തറയിൽ അമ്മയ്ക്ക് കുഴിമാടം; 75-കാരിയെ കുഴിച്ചുമൂടിയത് ആരും അറിയാതെ; നടുക്കം മാറാതെ പള്ളിത്തോട്, അസ്വാഭാവിക മരണത്തിന്  കേസെടുത്തു 

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടിയ സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടിയ സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിനുള്ളിൽ കുഴിച്ചുമൂടിയത്. രാധ (75)ആണ് മരിച്ചത്. മൃതദേഹം കുഴിച്ചിട്ടത് അടുക്കളയിലാണ്. സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്‍റെ ഭാ​ഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അമ്മ മരിച്ച വിവരം സഹോദരങ്ങളെയോ നാട്ടുകാരെയോ അറിയിക്കാതെ ഗിരീഷ് രഹസ്യമായി വീടിനുള്ളിൽ തന്നെ കുഴിമാടം ഒരുക്കുകയായിരുന്നു. അടുക്കളയിലെ തറ പൊളിച്ചാണ് മൃതദേഹം മറവ് ചെയ്തത്.കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾക്ക് സംശയം തോന്നി. ഗിരീഷിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകൾ ആ ഭാഗത്ത് വെച്ചു. സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാൾ അമ്മയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344138/radhas-murder-at-pallithodu-case-of-unnatural-death-filed-NEW-)