---
title: "സനൂപിന് മുന്നിലും സിസ്റ്റം പിഴച്ചോ...? മുട്ടുവേദന ചികിത്സിക്കാനെത്തി മൂന്ന് വർഷമായി കാഴ്ച്ച നഷ്ടപ്പെട്ട് ഇരുട്ടിലായി ഒരു ചെറുപ്പക്കാരൻ...!"
english_title: "A young man has been in the dark for three years after losing his sight after coming for treatment for knee pain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344132/a-young-man-has-been-in-the-dark-for-three-years-after-losing-his-sight-after-coming-for-treatment-for-knee-pain"
published_at: "2026-02-25T12:30:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/699ea054bda6e_sanoop.jpg"
keywords: []
---

# സനൂപിന് മുന്നിലും സിസ്റ്റം പിഴച്ചോ...? മുട്ടുവേദന ചികിത്സിക്കാനെത്തി മൂന്ന് വർഷമായി കാഴ്ച്ച നഷ്ടപ്പെട്ട് ഇരുട്ടിലായി ഒരു ചെറുപ്പക്കാരൻ...!

> **Lead Summary:** **** ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്', ബെന്യാമിന്‍റെ ആടുജീവിതത്തിലെ ഈ വരികള്‍ പോലെയാണ് തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്‍റെ അനുഭവം.

## Article Content

**** ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്', ബെന്യാമിന്‍റെ ആടുജീവിതത്തിലെ ഈ വരികള്‍ പോലെയാണ് തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്‍റെ അനുഭവം.

ജീവിതം ആസ്വദിച്ച് നടന്ന ഒരു ചെറുപ്പക്കാരന്‍. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്‍റെ എല്ലാമായിരുന്നു സനൂപ്. ടൈൽസ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്.

മുട്ടുവേദന കുത്തിയിരുന്ന് ജോലിയെടുക്കുന്നതിന് തടസ്സമായി മാറിയതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാൽ, ആ യാത്ര എന്നെന്നേക്കുമായുള്ള, കൂരിരുട്ടിലേക്കാകുമെന്ന് സനൂപ് കരുതിയില്ല. ആശുപത്രിയുടെ തറയിൽ കിടത്തി ആദ്യം മുട്ടുവേദനയ്ക്കുള്ള ചികിത്സ തുടങ്ങി.

മരുന്ന് കുത്തിവയ്ക്കാൻ കൈയിൽ സൂചി കുത്തിയ ഇടം പിന്നാലെ പഴുത്തു. ശരീരത്തിലാകെ പടർന്നു. കണ്ണുകളിലും എത്തി. പ്രമേഹ രോഗ ബാധിതൻ കൂടിയായിരുന്നു സനൂപ്. വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്സുമാരോട് പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല, അപ്പോഴേക്കും കയ്യിൽ ആകെ അണുബാധ പടർന്നിരുന്നു. ഓർമ്മ മങ്ങി, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു തുടങ്ങിയപ്പോൾ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സനൂപിന്‍റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതർ കുടുംബത്തോട് ഒന്നും പറഞ്ഞില്ല.

പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായുള്ള സമ്മതപത്രത്തിൽ അബോധാവസ്ഥയിൽ ആയിരുന്ന മകന്‍റെ കൈ കൈക്കൂട്ടിപ്പിടിച്ച് സനൂപിന്‍റെ അമ്മ വത്സല ഒപ്പിടീപ്പിച്ചു. ഇരു കൃഷ്ണമണികളും നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയ ആണെന്ന് എഴുത്തും വായനയും അറിയാത്ത വത്സലയ്ക്ക് മനസ്സിലായില്ല. ആരും പറഞ്ഞും നൽകിയില്ല. ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന്‍റെ കെട്ട് അഴിച്ചപ്പോഴാണ് കുടുംബവും സനൂപും ഈ വിവരം അറിയുന്നത്. അതെ കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. കുത്തിവയ്പ്പിലെ പിഴവാണ് കാരണമെന്നും സനൂപ് ഉറപ്പിച്ച് പറയുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, അപ്പോഴും സ്വയം ആവശ്യപ്പെട്ടതുകൊണ്ടുള്ള ഡിസ്ചാർജ് എന്ന കള്ള രേഖയാണ് ഒപ്പം കൊടുത്തയച്ചത് എന്ന് കുടുംബം പറയുന്നു.

രാത്രിയിൽ സനൂപിന് ഉറക്കമില്ല. ജീവിതം മടുത്തു. ഭാര്യയാകട്ടെ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചു. ആറു വയസുള്ള മകനുണ്ട്. അമ്മ വീട്ടുജോലി എടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം.

ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്ക് ഡോക്ടറുടെ കാൽ പിടിക്കേണ്ടി വന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി അധികൃതർ വിട്ടു നൽകിയിരുന്നില്ല. പിന്നീട് വിവരാവകാശ നിയമത്തിലൂടെയാണ് ഇത് നേടിയെടുത്തത്. പോലീസിലും മുഖ്യമന്ത്രിക്ക് മടക്കം പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സനൂപിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ സ്ഥലം മാറിപ്പോയതുകൊണ്ട് ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത് എന്ന് അമ്മ കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതർക്കെതിരെ നിയമ പോരാട്ടത്തിന് പോയിട്ട് ഒരു നേരത്തെ ആഹാരത്തിന് പോലും വകുപ്പില്ല, മുന്നോട്ടുപോകാൻ സുമനസുകളുടെ കൈത്താങ്ങ് തന്നെ വേണം. ഒപ്പം തന്‍റെ ജീവിതം തന്നെ തകര്‍ത്ത അധികൃതര്‍ക്കെതിരെ നടപടിയും. ഇരുട്ടിന്‍റെ ലോകത്ത് ആ ചെറുപ്പക്കാരന്‍ ഇരുന്ന് വിങ്ങുമ്പോള്‍ കുറ്റക്കാര്‍ ഇന്നും സുഖിച്ച് കഴിയുന്നു.

ദുരിത ജീവിതം ഇന്നും തുടരുകയാണ്. ചികിത്സ പിഴവിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് കണ്ണിലെ കൃഷ്ണമണികൾ നീക്കേണ്ടി വന്നുവെന്ന സനൂപിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവന്നു. തുടർചികിത്സയ്ക്കായി എത്തിയ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണമാണ് സനൂപിന്‍റെ അമ്മ വത്സല ഉയർത്തുന്നത്.

'സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഇതിനായാണ് തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെത്തിയത്. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്‍റെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ തന്‍റെ കയ്യിലിരുന്ന ഫയലുകൾ ഡോക്ടർ വലിച്ചെറിഞ്ഞെന്ന് സനൂപിന്‍റെ അമ്മ പറയുന്നു. അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചു എന്ന് പറഞ്ഞ് നഴ്സുമാരും ഡോക്ടറും ചേർന്ന് ശാസിച്ചു.

പത്തു മണിക്കുള്ളിൽ ഫയലിൽ ഒപ്പിട്ട് നൽകണമെന്ന് പറഞ്ഞപ്പോൾ, നേഴ്സ് ഡോക്ടറുടെ ഒപ്പ് വാങ്ങിതരുകയായിരുന്നു. എന്നാൽ, പണം നൽകാതെ ഡോക്ടർ ചികിത്സിക്കാൻ വരില്ലെന്ന് സമീപത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. മൂന്ന് ദിവസം പിന്നിട്ടിട്ടും മകനെ തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ, തൃശ്ശൂർ ടൗണിൽ ഉള്ള ഡോക്ടർ പ്രവീണിന്‍റെ ക്ലിനിക്കിൽ എത്തി 1500 രൂപ നൽകുകയായിരുന്നുവെന്നും വത്സല പറഞ്ഞു.

നാട്ടുകാർ സനൂപിനെ കാണാൻ വരുമ്പോൾ ചായയ്ക്കായി ഞങ്ങൾക്ക് നൽകിയ പത്തും അമ്പതും നുള്ളിപ്പെറുക്കിയാണ് ഡോക്ടർക്ക് കൊടുത്തതെന്നും പണം നൽകി പിറ്റേദിവസമാണ് ഡോക്ടർ സനൂപിനെ നോക്കാൻ വന്നതെന്നും സനൂപിന്‍റെ അമ്മ പറഞ്ഞു.

> സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെക്കുറിച്ചു കേൾക്കാത്ത ഒരുദിവസം പോലും ഇല്ലെന്നായിരിക്കുന്നു. ഓരോതവണ വീഴ്ച സംഭവിക്കുമ്പോഴും,​ അതിനെ 'സിസ്റ്റത്തിന്റെ തകരാർ" എന്നു പറഞ്ഞ് നിസാരവത്കരിക്കുന്നത് ശരിയല്ല. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല; സിസ്റ്റം കൈകാര്യം ചെയ്യുന്നവരുടെ തകരാറാണെന്ന് പറയാതെ വയ്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344132/a-young-man-has-been-in-the-dark-for-three-years-after-losing-his-sight-after-coming-for-treatment-for-knee-pain)