---
title: "'തിണ്ണ നിരങ്ങലും സന്ദർശനവും തമ്മിൽ വ്യത്യാസമുണ്ട്'; ചെന്നിത്തല എൻഎസ്എസ് നേതാക്കളെ കണ്ടതിൽ പ്രതികരിച്ച് വി.ഡി. സതീശൻ"
english_title: "V.D. Satheesan reacts to Chennithala meeting NSS leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344130/vd-satheesan-reacts-to-chennithala-meeting-nss-leaders"
published_at: "2026-02-25T12:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e9c4ad484a_vd_satheesan.jpg"
keywords: []
---

# 'തിണ്ണ നിരങ്ങലും സന്ദർശനവും തമ്മിൽ വ്യത്യാസമുണ്ട്'; ചെന്നിത്തല എൻഎസ്എസ് നേതാക്കളെ കണ്ടതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര പര്യടനം തുടരുന്നതിനിടെ സമുദായ നേതാക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല. പെരുന്നയിൽ എത്തി ജി. സുകുമാരൻ നായരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര പര്യടനം തുടരുന്നതിനിടെ സമുദായ നേതാക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല. പെരുന്നയിൽ എത്തി ജി. സുകുമാരൻ നായരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനാണ് ആസ്ഥാനത്ത് എത്തിയത്. ദേവലോകത്ത് താൻ ഇന്നും ഇന്നലെയും പോകാൻ തുടങ്ങിയതല്ലെന്നും കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാർച്ചന നടത്താറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ദേവലോകം അരമനയിൽ ഓർത്തഡോക്സ് സഭാധ്യക്ഷനുമായും ചെന്നിത്തല ചർച്ച നടത്തിയിരുന്നു. സഭാധ്യക്ഷനുമായി നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശൻ്റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തുവർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിൻ്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാണ് പുതുയുഗയാത്രയിൽ പ്രതിഫലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിന് തൻ്റെ അനുമതി വേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് താൻ പറഞ്ഞിട്ടില്ല. വർഗീയത പറയരുതെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് പിന്തുണ തേടിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം തൻ്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. തിണ്ണ നിരങ്ങലും, സന്ദർശനവും തമ്മിൽ വ്യത്യാസമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344130/vd-satheesan-reacts-to-chennithala-meeting-nss-leaders)