---
title: "മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍"
english_title: "Medical college doctors' strike enters 10th day government to hold fresh talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344071/medical-college-doctors-strike-enters-10th-day-government-to-hold-fresh-talks"
published_at: "2026-02-25T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e601772d99_strike.jpg"
keywords: []
---

# മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം:( **[www.truevisionnews.com]** )** സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും.

## Article Content

**തിരുവനന്തപുരം:( **[www.truevisionnews.com]** )** സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും.

2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പിലാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്.

അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ സൂപ്രണ്ടിനേറ്റ ആക്രമണത്തില്‍ നടപടി വേണമെന്നും ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ സസ്‌പെന്‍ഷനില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കെജിഎംഒഎയുടെ പ്രതിഷേധം ആശുപത്രിയില്‍ നടത്തുന്നത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344071/medical-college-doctors-strike-enters-10th-day-government-to-hold-fresh-talks)