---
title: "രക്തം കുറവാണോ? പ്രതിരോധശേഷി കൂട്ടാനും വിളർച്ച തടയാനും ഈ അഞ്ച് പാനീയങ്ങൾ ശീലമാക്കാം"
english_title: "Do you have low blood pressure? You can make these five drinks a habit to boost your immunity and prevent anemia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343975/do-you-have-low-blood-pressure-you-can-make-these-five-drinks-a-habit-to-boost-your-immunity-and-prevent-anemia"
published_at: "2026-02-24T14:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d706fcfda4_You_can_make_these_five_drinks_a_habit_to_boost_your_immunity_and_prevent_anemia.jpg"
keywords: []
---

# രക്തം കുറവാണോ? പ്രതിരോധശേഷി കൂട്ടാനും വിളർച്ച തടയാനും ഈ അഞ്ച് പാനീയങ്ങൾ ശീലമാക്കാം

> **Lead Summary:** ശരീരത്തിലെ ഹീമോഗ്ലോബിൻ തോത് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വലിയ ഗുണം ചെയ്യും. കേവലം ഭക്ഷണങ്ങളിൽ മാത്രം ഒതുങ്ങാതെ, ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പാനീയങ്ങൾ ശീലമാക്കുന്നത് രക്തത്തിലെ അയണിന്റെ അളവ് വേഗത്തിൽ മെച്ചപ്പെടുത്താൻ സഹായിക്കും. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ആരോഗ്യകരമായ അഞ്ച് പാനീയങ്ങൾ ഇവയാണ്:

## Article Content

ശരീരത്തിലെ ഹീമോഗ്ലോബിൻ തോത് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വലിയ ഗുണം ചെയ്യും. കേവലം ഭക്ഷണങ്ങളിൽ മാത്രം ഒതുങ്ങാതെ, ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പാനീയങ്ങൾ ശീലമാക്കുന്നത് രക്തത്തിലെ അയണിന്റെ അളവ് വേഗത്തിൽ മെച്ചപ്പെടുത്താൻ സഹായിക്കും. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ആരോഗ്യകരമായ അഞ്ച് പാനീയങ്ങൾ ഇവയാണ്:

**1. ബീറ്റ്റൂട്ട് ജൂസ്**

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.

**2. ചീര, മിന്റ്ജൂസ്**

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും ഈ ജൂസ് സഹായകമാണ്. ചൂടു വെള്ളത്തിൽ തിളപ്പിച്ച ശേഷം ചീര ജ്യൂസാക്കുന്നതാണ് കൂടുതൽ നല്ലത്. അല്ലാത്തപക്ഷം ചിലർക്ക് ചീര ബുദ്ധിമുട്ടുണ്ടാക്കാം.

**3. പ്രൂണ്‍ ജൂസ്**

ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്നു വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിറ്റ് മുക്കി വച്ച് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം.

**4. മത്തങ്ങ ജൂസ്**

ആന്റി ഓക്സിഡന്റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജൂസ് തയാറാക്കാം.

**5. ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി**

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 1.31 മില്ലിഗ്രാം അയണും കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ഇ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343975/do-you-have-low-blood-pressure-you-can-make-these-five-drinks-a-habit-to-boost-your-immunity-and-prevent-anemia)