---
title: "രക്ഷിക്കാൻ എട്ടുലക്ഷം വായ്പയെടുത്തു; പക്ഷേ വിധി തട്ടിയെടുത്തത് ഏഴ് ജീവനുകൾ! റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് ദാരുണാന്ത്യം"
english_title: "Air ambulance crashes in Ranchi, ends in tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343937/air-ambulance-crashes-in-ranchi-ends-in-tragedy"
published_at: "2026-02-24T13:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5f128cd3d_news13.jpg"
keywords: []
---

# രക്ഷിക്കാൻ എട്ടുലക്ഷം വായ്പയെടുത്തു; പക്ഷേ വിധി തട്ടിയെടുത്തത് ഏഴ് ജീവനുകൾ! റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് ദാരുണാന്ത്യം

> **Lead Summary:** **റാഞ്ചി: [** ഉറ്റവനെ രക്ഷിക്കാനായി വൻതുക കടം വാങ്ങി എയർ ആംബുലൻസ് ചാർട്ടർ ചെയ്ത കുടുംബത്തിന് കാത്തിരുന്നത് അത്യന്തം ദാരുണമായ വാർത്ത. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് ജീവനുകളാണ് പൊലിഞ്ഞത്.

## Article Content

**റാഞ്ചി: [** ഉറ്റവനെ രക്ഷിക്കാനായി വൻതുക കടം വാങ്ങി എയർ ആംബുലൻസ് ചാർട്ടർ ചെയ്ത കുടുംബത്തിന് കാത്തിരുന്നത് അത്യന്തം ദാരുണമായ വാർത്ത. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് ജീവനുകളാണ് പൊലിഞ്ഞത്.

ഗുരുതരമായി പൊള്ളലേറ്റ 41കാരനായ സഞ്ജയിനെ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കാൻ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്താണ് കുടുംബം ഈ യാത്ര ഒരുക്കിയത്. എന്നാൽ റാഞ്ചിയിൽ നിന്ന് പറന്നുയർന്ന ഉടൻ ജാർഖണ്ഡിലെ ചത്ര ജില്ലയിൽ വെച്ച് വിമാനം തകരുകയായിരുന്നു.

അപകടത്തിൽ സഞ്ജയ്‌ക്ക് പുറമെ രണ്ട് പൈലറ്റുമാരും ഡോക്ടറും പാരാമെഡിക് ഉദ്യോഗസ്ഥനുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സ്വന്തമായുള്ള സ്ഥലം വിൽക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങി ചികിത്സയ്ക്കുള്ള പണം കുടുംബം കണ്ടെത്തിയത്.

തന്റെ ചെറിയ ഹോട്ടലിലുണ്ടായ തീപിടുത്തത്തിലാണ് കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായ സഞ്ജയിന് പൊള്ളലേറ്റത്. ഡൽഹി ആസ്ഥാനമായുള്ള റെഡ് ബേർഡ് എയർവേസിന്റെ ബീച്ച് ക്രാഫ്റ്റ് സി 90 വിമാനമാണ് ഈ ദാരുണമായ അപകടത്തിൽപ്പെട്ടത്.

ബന്ധുവിന്റെ ജീവൻ രക്ഷിക്കാൻ സർവ്വതും പണയപ്പെടുത്തി നടത്തിയ അവസാന ശ്രമവും ഇതോടെ നിഷ്ഫലമായി. സഞ്ജയ്, ഭാര്യ അർച്ചന, ഉറ്റ ബന്ധു ധ്രുവ് എന്നിവരാണ് എയർ ആംബുലൻസിലുണ്ടായിരുന്നത്.

എയർ ആംബുലൻസ് അപകടത്തിൽ മരിച്ചവരെ ഇതിനോടം തിരിച്ചറിഞ്ഞിട്ടുണ്ട്. ക്യാപ്ടൻ വിവേക് വികാസ് ഭഗത്, കോ പൈലറ്റ് സർവജ്ദീപ് സിംഗ്, ഡോക്ടറായ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് ആയ സച്ചിൻ കുമാർ മിശ്ര, രോഗിയായ സഞ്ജയ്, ഭാര്യ അർച്ചന,ബന്ധു ധ്രുവ് കുമാർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലേക്ക് സഞ്ജയിനെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. ടേക്ക് ഓഫ് കഴിഞ്ഞ് 23 മിനിറ്റിന് ശേഷം റഡാറിൽ നിന്ന് കാണാതായ എയർ ആംബുലൻസ് തകരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343937/air-ambulance-crashes-in-ranchi-ends-in-tragedy)