---
title: "വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്"
english_title: "Police confirmed woman body being found on railway tracks in Vyttila a murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343920/police-confirmed-woman-body-being-found-on-railway-tracks-in-vyttila-a-murder"
published_at: "2026-02-24T13:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d552d8e1a1_crime.jpg"
keywords: []
---

# വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

> **Lead Summary:** **കൊച്ചി: ** എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരണത്തിൽ കടുത്ത അസ്വഭാവികതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ അറിയിച്ചു. മൃതദേഹത്തിൻ്റെ സമീപത്ത് നിന്ന് ലഭിച്ച ഫോൺ മരിച്ച യുവതിയുടെതെന്ന് സ്ഥിരീകരണം.

## Article Content

**കൊച്ചി: ** എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരണത്തിൽ കടുത്ത അസ്വഭാവികതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ അറിയിച്ചു. മൃതദേഹത്തിൻ്റെ സമീപത്ത് നിന്ന് ലഭിച്ച ഫോൺ മരിച്ച യുവതിയുടെതെന്ന് സ്ഥിരീകരണം.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നിലവിൽ പ്രതിയിലേയ്ക്കുള്ള ചില തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. ഫോണിലെ സിം കാർഡിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ച യുവതി കോട്ടയം സ്വദേശിനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വൈറ്റില ഫ്‌ളൈഓവറിന് താഴെയുള്ള റെയിൽവെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചന ആദ്യം തന്നെ പൊലീസ് തള്ളികളഞ്ഞിരുന്നു.

നാൽപത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാൻ കാരണം. ട്രെയിനുകൾ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343920/police-confirmed-woman-body-being-found-on-railway-tracks-in-vyttila-a-murder)