---
title: "നയപ്രഖ്യാപനത്തിലെ വെട്ടിമാറ്റൽ സഭ അംഗീകരിച്ചില്ല; ഗവർണറുടെ കത്ത് തള്ളി പിണറായി വിജയൻ"
english_title: "The House did not approve the 'reduction' in the policy statement; PinarayiVijayan rejected the Governor's letter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343884/the-house-did-not-approve-the-reduction-in-the-policy-statement-pinarayivijayan-rejected-the-governors-letter"
published_at: "2026-02-24T11:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d39dca672d_cm.jpg"
keywords: []
---

# നയപ്രഖ്യാപനത്തിലെ വെട്ടിമാറ്റൽ സഭ അംഗീകരിച്ചില്ല; ഗവർണറുടെ കത്ത് തള്ളി പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം : **നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം നിയമസഭ തള്ളി. നിലവിലുള്ള കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് സഭയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

## Article Content

**തിരുവനന്തപുരം : **നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം നിയമസഭ തള്ളി. നിലവിലുള്ള കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് സഭയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ കത്തോടുകൂടിയാണ് ഗവർണർക്ക് നൽകുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സഭയിൽ ഗവർണർ വായിച്ചത് ‘എന്റെ സർക്കാരിന്റെ’ നയങ്ങളാണ്.

ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ഭിന്നാഭിപ്രായം ഉണ്ടെങ്കിലോ ഗവർണർക്ക് അത് മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം കീഴ്വഴക്കങ്ങൾ നടന്നു വന്നിട്ടുള്ളതാണ്. എന്നാൽ ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങൾ സംബന്ധിച്ച് കത്ത് മുഖേനയോ നേരിട്ടോ ഗവർണർ മുഖ്യമന്ത്രിയെ വിവരമറിയിച്ചിരുന്നില്ല.

ഗവർണർമാർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്ന രീതി മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഗവർണറുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാൽ, മുൻ ഗവർണർമാർ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഔദ്യോഗിക രേഖകളിൽ ഉണ്ടാകുമായിരുന്നുള്ളൂ എന്ന സ്ഥിതി വരും.

അത്തരമൊരു മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ ആവശ്യം തള്ളിയതോടെ, അദ്ദേഹം ഒഴിവാക്കി വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണരൂപം തന്നെയാകും നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ നയപ്രഖ്യാപനമായി നിലനിൽക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343884/the-house-did-not-approve-the-reduction-in-the-policy-statement-pinarayivijayan-rejected-the-governors-letter)