---
title: "ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണു; ഒരാൾ മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു"
english_title: "Air ambulance crashes in Jharkhand; one dead, search continues for six"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343829/air-ambulance-crashes-in-jharkhand-one-dead-search-continues-for-six"
published_at: "2026-02-24T07:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d068c0ffd0_6.jpg"
keywords: []
---

# ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണു; ഒരാൾ മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** **ഝാ**ർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്ന് വീണ് ഒരാൾ മരിച്ചു. ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

## Article Content

**ഝാ**ർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്ന് വീണ് ഒരാൾ മരിച്ചു. ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

വിമാനത്തിലുണ്ടായിരുന്ന സഞ്ജയ് കുമാർ എന്നയാളാണ് ജീവൻ വെടിഞ്ഞത്. മെഡിക്കൽ സംഘവും പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.

റെഡ്ബേർഡ് എയർവേയ്‌സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 7.10-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 35 മിനിറ്റുകൾക്ക് ശേഷം വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം. രണ്ട് പൈലറ്റുമാർ, ഡോക്ടർ, സഹായി എന്നിവരടക്കം ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. റിതേഷ് കുമാർ, സച്ചിൻ കുമാർ മിശ്ര, വികാസ് കുമാർ ഗുപ്ത, അർച്ചന ദേവി, ധ്രുവ് കുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343829/air-ambulance-crashes-in-jharkhand-one-dead-search-continues-for-six)