---
title: "ട്രംപിന്റെ തീരുവയിൽ ഉടക്കി വ്യാപാര ചർച്ചകൾ; യു.എസുമായുള്ള ചർച്ചയിൽ നിന്ന് ഇന്ത്യ താൽക്കാലികമായി പിന്മാറി"
english_title: "India temporarily withdraws from talks with US"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343740/india-temporarily-withdraws-from-talks-with-us"
published_at: "2026-02-23T15:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c203866062_TRU9.jpg"
keywords: []
---

# ട്രംപിന്റെ തീരുവയിൽ ഉടക്കി വ്യാപാര ചർച്ചകൾ; യു.എസുമായുള്ള ചർച്ചയിൽ നിന്ന് ഇന്ത്യ താൽക്കാലികമായി പിന്മാറി

> **Lead Summary:** **ന്യൂഡൽഹി:** [ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചു.

## Article Content

**ന്യൂഡൽഹി:** [ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചു.

വാഷിങ്ടണിൽ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചീഫ് നെഗോഷ്യേറ്റർമാരുടെ മൂന്നുദിവസത്തെ ചർച്ചയാണ് അനിശ്ചിതത്വത്തിലായത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ തീരുവ യു.എസ് സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്ന വ്യാപാരക്കരാറിന്റെ ഭാവി ഇതോടെ ചോദ്യചിഹ്നമായിരിക്കുകയാണ്. തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റിന്റെ നടപടി 1977-ലെ നിയമത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചെങ്കിലും കോടതി വിധി അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.

വിധിക്ക് പിന്നാലെ തീരുവ പത്തിൽനിന്ന് 15 ശതമാനമായി അദ്ദേഹം വർദ്ധിപ്പിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും അനുയോജ്യമായ മറ്റൊരു തീയതിയിൽ ചർച്ച നടക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, നിർദിഷ്ട കരാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിക്കുന്നതാണ് കരാറെന്നും സുപ്രീംകോടതി വിധി കൂടി പരിഗണിച്ച് കരാർ പുനഃപരിശോധിക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343740/india-temporarily-withdraws-from-talks-with-us)