---
title: "കേരളം പിടിക്കാൻ ബിജെപിയുടെ വൻ നിര....! എൻഡിഎ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 'അന്യസംസ്ഥാന' പട എത്തും"
english_title: "BJP's massive push to capture Kerala Foreign state forces will arrive to monitor NDA activities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343739/bjps-massive-push-to-capture-kerala-foreign-state-forces-will-arrive-to-monitor-nda-activities"
published_at: "2026-02-23T15:06:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c203124228_nda.jpg"
keywords: []
---

# കേരളം പിടിക്കാൻ ബിജെപിയുടെ വൻ നിര....! എൻഡിഎ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 'അന്യസംസ്ഥാന' പട എത്തും

> **Lead Summary:** വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രങ്ങൾ മെനയുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എൻഡിഎ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കർണാടകം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും നിയോഗിക്കും.

## Article Content

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രങ്ങൾ മെനയുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എൻഡിഎ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കർണാടകം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും നിയോഗിക്കും.

ലോക്സഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി ഓരോ നിയോജക മണ്ഡലത്തിലും ഇവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തുന്നതോടെ കേരളത്തിലെ പ്രാദേശിക ബിജെപി ഭാരവാഹികൾക്ക് ആശയവിനിമയത്തിനായി ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു പരിചയമുള്ള വിദഗ്ധരായ നേതാക്കളാണ് കേരളത്തിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രധാനമായും ബിജെപിക്ക് വിജയസാധ്യതയുള്ള ‘എ’ ക്ലാസ് മണ്ഡലങ്ങളിലെ വോട്ടുനിലയും രാഷ്ട്രീയ സാഹചര്യങ്ങളും ഇവർ സൂക്ഷ്മമായി വിലയിരുത്തും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികൾ തമ്മിലുണ്ടായ ഏകോപനമില്ലായ്മ പരിഹരിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ നിയോജക മണ്ഡലങ്ങളിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ പ്രതിനിധികൾ എത്തുന്നതോടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

അതേസമയം തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ നൽകുന്നത്. പദ്മജയോട് തൃശൂരിൽ മത്സരിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. നേരത്തെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജ മത്സരിക്കുമെന്നും അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തുന്നതോടെ പോരാട്ടം നടക്കുമെന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ നിലവിൽ തൃശൂരിലേക്കാണ് പദ്മജയ്ക്ക് നറുക്കുവീഴുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്തുണ്ടാകുമെന്ന് പദ്മജ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സാധ്യതാ പട്ടിക പുറത്തുവന്നതോടെ പ്രമുഖ നേതാക്കളെല്ലാം നിശ്ചിത മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനുമാണ് പട്ടികയിൽ മുന്നിലുള്ളത്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് അല്ലെങ്കിൽ കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയോ കൃഷ്ണകുമാറോ സ്ഥാനാർത്ഥിയായേക്കും. മലമ്പുഴയിൽ സി. കൃഷ്ണകുമാറും പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമത്ത് രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു കഴിഞ്ഞു. ‘നമുക്ക് വേണം വികസിത നേമം’ എന്ന മുദ്രാവാക്യം ചുവരുകളിൽ സ്വയം എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്. പ്രമുഖ നേതാക്കളെ തന്നെ അണിനിരത്തി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പദ്മജ തൃശൂരിൽ മത്സരിക്കുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343739/bjps-massive-push-to-capture-kerala-foreign-state-forces-will-arrive-to-monitor-nda-activities)