---
title: "കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി  ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്"
english_title: "girl commits suicide after complaint of theft; Friend and parents to be questioned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343653/student-commits-suicide-after-complaint-of-theft-friend-and-parents-to-be-questioned-new"
published_at: "2026-02-23T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699be7fd1c727_death.jpg"
keywords: []
---

# കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി  ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്

> **Lead Summary:** **കാസര്‍കോട്: **കാസർകോട് നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

## Article Content

**കാസര്‍കോട്: **കാസർകോട് നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

അഫ്രീദിന്റെ മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഇതിനിടെ ജസീലയുടെ ഭർതൃവീട്ടുകാർക്കെതി​രെ പരാതിയുമായി ജസീലയു​ടെ മാതാവ് രംഗത്തുവന്നിട്ടുണ്ട്. ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായും മോഷണ പരാതിക്ക് പിന്നിൽ ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജസീലയു​ടെ മാതാവ് മുംതാസ് പറഞ്ഞു.

സുഹൃത്തായ ബോവിക്കാനം സ്വദേശി അഫ്രീദിന്റെ വീട്ടിൽ നിന്നും ഒമ്പതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയെ തുടർന്ന് മനംനൊന്താണ് ജസീല ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്.  

*'ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസ്സായി. ഞാൻ എടുത്തുവെന്നാണ് പറയുന്നത്. ഞാൻ അങ്ങനെ ചെയ്തിട്ടുപോലുമില്ല. ഞാൻ ഏതൊക്കെയോ ചെക്കന്മാരുമായിട്ട് കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്കെ പറഞ്ഞുനടക്കുകയാണ് അവർ. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. ഞാൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണ്? എന്നെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നത്?' എന്നാണ് യുവതി പറയുന്നത്.*

വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. മോഷണ പരാതിയിൽ ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുടെ പങ്ക് തെളിയിക്കാനായില്ല.

സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയതെന്നും സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ജസീലയു​ടെ ഉമ്മ പറഞ്ഞു. ജസീലക്ക് ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343653/student-commits-suicide-after-complaint-of-theft-friend-and-parents-to-be-questioned-new)