---
title: "'സഞ്ജുവിനെ മടക്കിക്കൊണ്ടുവരൂ'; ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയിൽ യുവനിരയ്‌ക്കെതിരെ ആരാധകർ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു"
english_title: "Fans turn against youth in defeat to South Africa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343626/fans-turn-against-youth-in-defeat-to-south-africa"
published_at: "2026-02-23T09:45:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd49fe5fda_tru4.jpg"
keywords: []
---

# 'സഞ്ജുവിനെ മടക്കിക്കൊണ്ടുവരൂ'; ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയിൽ യുവനിരയ്‌ക്കെതിരെ ആരാധകർ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു

> **Lead Summary:** **അഹമ്മദാബാദ്: [[truevisionnews.com]] **സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന മുറവിളി ശക്തമാക്കി ക്രിക്കറ്റ് ആരാധകർ. ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം അണപൊട്ടിയത്.

## Article Content

**അഹമ്മദാബാദ്: [[truevisionnews.com]] **സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന മുറവിളി ശക്തമാക്കി ക്രിക്കറ്റ് ആരാധകർ. ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം അണപൊട്ടിയത്.

ഇന്ത്യയുടെ യുവനിര പൊരുതാതെ കീഴടങ്ങിയതോടെ 'Bring Back Sanju Samson' എന്ന ഹാഷ്‌ടാഗ് ഇന്റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് എന്ന വെല്ലുവിളി പിന്തുടർന്ന ഇന്ത്യക്ക് ബാറ്റിംഗ് നിരയുടെ കൂട്ടത്തകർച്ചയാണ് തിരിച്ചടിയായത്.

പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ 31 റൺസിന് 3 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ടീം ഇന്ത്യ. ടോപ്പ് ഓർഡറിൽ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇഷാൻ കിഷനും തിലക് വർമ്മയും നിരാശപ്പെടുത്തിയപ്പോൾ, തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ക്രീസിലെത്തിയ അഭിഷേക് ശർമ്മയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

കേവലം 16 റൺസ് മാത്രമാണ് ഈ മൂന്ന് മുൻനിര ബാറ്റർമാരും ചേർന്ന് ടീം സ്കോറിലേക്ക് സംഭാവന ചെയ്തത്. 15 ഓവർ പിന്നിട്ടപ്പോൾ 88 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നു. നിർണായക മത്സരങ്ങളിൽ സമ്മർദ്ദത്തിന് അടിപ്പെടുന്ന യുവതാരങ്ങൾക്ക് പകരം സഞ്ജു സാംസണെപ്പോലെ അനുഭവസമ്പത്തുള്ള താരങ്ങളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നാണ് ആരാധകർ ചോദിക്കുന്നത്.

ടീം മാനേജ്‌മെന്റിന്റെ സെലക്ഷൻ രീതികളെ രൂക്ഷമായ ഭാഷയിലാണ് ആരാധകർ വിമർശിക്കുന്നത്. സൂപ്പർ-8 ഘട്ടത്തിൽ ഇനി വരാനിരിക്കുന്ന സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണ്ണായകമാണ്.

ഇതിൽ ഒരു പരാജയം കൂടി ഏറ്റുവാങ്ങേണ്ടി വന്നാൽ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾ തുലാസിലാകും. ഈ സാഹചര്യത്തിൽ വരും മത്സരങ്ങളിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനിലേക്ക് മടക്കിക്കൊണ്ടുവന്ന് ബാറ്റിംഗ് നിരയെ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ അഴിച്ചുപണികൾക്ക് ഈ തോൽവി വഴിയൊരുക്കുമോ എന്നാണ് കായിക ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343626/fans-turn-against-youth-in-defeat-to-south-africa)