---
title: "'തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; സ്വർണ്ണക്കൊള്ളക്കേസിൽ നിയമസഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി പ്രതിഷേധം'"
english_title: "Assembly turmoil over gold theft case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343622/assembly-turmoil-over-gold-theft-case"
published_at: "2026-02-23T09:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd120b1f37_tru2.jpg"
keywords: []
---

# 'തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; സ്വർണ്ണക്കൊള്ളക്കേസിൽ നിയമസഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി പ്രതിഷേധം'

> **Lead Summary:** **തിരുവനന്തപുരം: [** ശബരിമലയിലെ സ്വർണ്ണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും സഭയിൽ ഉന്നയിച്ചുകൊണ്ട്, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് നിയമസഭ കലുഷിതമായി.

## Article Content

**തിരുവനന്തപുരം: [** ശബരിമലയിലെ സ്വർണ്ണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും സഭയിൽ ഉന്നയിച്ചുകൊണ്ട്, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് നിയമസഭ കലുഷിതമായി.

ഒരിടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ ഡെപ്യൂട്ടി ലീഡർ കെ. ബാബുവാണ് സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതും തന്ത്രിയുടെ അറസ്റ്റും സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ആചാരലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ഗൗരവകരമായ ആരോപണം ഉന്നയിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ രാഷ്ട്രീയ ഉപജാപമെന്നാണ് ഭരണപക്ഷം വിശേഷിപ്പിച്ചത്. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെന്നും അതിൽ സർക്കാരിന് പ്രത്യേക പങ്കില്ലെന്നും നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി.

പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾ കോടതിക്കെതിരാണെന്നും ബിജെപിയുടെ രാഷ്ട്രീയ പാതയ്ക്ക് വഴിയൊരുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ വക്കാലത്ത് യുഡിഎഫും ബിജെപിയും സംയുക്തമായി ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷും വിമർശിച്ചു.

സഭയിൽ വാക്പോര് മുറുകുന്നതിനിടെ ഭരണപക്ഷം സോണിയ ഗാന്ധിയുടെയും പോറ്റിയുടെയും ചിത്രം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സഭയുമായി നിസ്സഹകരണം പ്രഖ്യാപിച്ചുള്ള പ്രതിഷേധം തുടർന്നപ്പോഴും സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയി.

തന്ത്രിയെ മുൻനിർത്തി കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾ മതനിരപേക്ഷ കേരളത്തിന് അപകടകരമാണെന്ന നിലപാടാണ് സർക്കാർ സഭയിൽ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343622/assembly-turmoil-over-gold-theft-case)