---
title: "'ഞങ്ങൾ കത്രിക വിഴുങ്ങിയതാണോ?': വണ്ടാനത്തെ മെഡിക്കൽ റിപ്പോർട്ടിനെതിരെ ഉഷയുടെ കുടുംബം; നീതിക്കായി പോരാട്ടം തുടരുമെന്ന് മകൻ"
english_title: "Usha's family opposes Vandanam's medical report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343620/ushas-family-opposes-vandanams-medical-report"
published_at: "2026-02-23T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bcf85c43d2_tru1.jpg"
keywords: []
---

# 'ഞങ്ങൾ കത്രിക വിഴുങ്ങിയതാണോ?': വണ്ടാനത്തെ മെഡിക്കൽ റിപ്പോർട്ടിനെതിരെ ഉഷയുടെ കുടുംബം; നീതിക്കായി പോരാട്ടം തുടരുമെന്ന് മകൻ

> **Lead Summary:** **ആലപ്പുഴ:[ [truevisionnews.com]] **വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഉഷയുടെ കുടുംബം രംഗത്തെത്തി.

## Article Content

**ആലപ്പുഴ:[ [truevisionnews.com]] **വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഉഷയുടെ കുടുംബം രംഗത്തെത്തി.

തങ്ങൾ കത്രിക വിഴുങ്ങിയതാണോ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് വിരൽചൂണ്ടുന്നതെന്ന് ഉഷയുടെ മകൻ ഷിബിൻ ജോസഫ് മനോവിഷമത്തോടെ പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഡോക്ടർക്കോ നേഴ്സിനോ തെറ്റില്ല എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. എല്ലാവരും ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈയൊഴിയുകയാണെന്നും, ഇത്രയും കാലം തന്റെ അമ്മ അനുഭവിച്ച കഠിനമായ ദുരിതത്തിന് ആര് മറുപടി പറയുമെന്നും ഷിബിൻ ചോദിക്കുന്നു.

വണ്ടാനം ആശുപത്രിയിൽ ചികിത്സ തേടിയത് വലിയൊരു തെറ്റായിപ്പോയി എന്ന തോന്നലാണ് ഇപ്പോൾ ഉള്ളതെന്നും, നീതി ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സമിതി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ എല്ലാം കൃത്യമാണോ എന്ന് ഡോക്ടർ സ്ക്രബ് നേഴ്സിനോട് ചോദിച്ചിരുന്നുവെന്നും, ഉണ്ടെന്ന മറുപടി ലഭിച്ച ശേഷമാണ് തുന്നൽ ഇട്ടതെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.

എന്നാൽ, ജീവനക്കാരുടെ കുറവ് മൂലം പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343620/ushas-family-opposes-vandanams-medical-report)