---
title: " സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ  കോയിൻ വിഴുങ്ങി, എട്ടുവയസുകാരിക്ക് ദാരുണാന്ത്യം "
english_title: "Eight-year-old girl dies after swallowing coin while playing Ludo in Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343585/eight-year-old-girl-dies-after-swallowing-coin-while-playing-ludo-in-mangaluru"
published_at: "2026-02-22T21:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b268e14505_DEATH.jpg"
keywords: []
---

#  സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ  കോയിൻ വിഴുങ്ങി, എട്ടുവയസുകാരിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മംഗളൂരു: **സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ കോയിൻ വിഴുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ചയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകൾ തനുഷ്ക ആണ് മരിച്ചത്.

## Article Content

**മംഗളൂരു: **സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ കോയിൻ വിഴുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ചയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകൾ തനുഷ്ക ആണ് മരിച്ചത്.

സഹോദരങ്ങൾക്കൊപ്പം ബോർഡ് ഗെയിം കളിക്കുന്നതിനിടെ ലൂഡോ കോയിൻ വിഴുങ്ങി ശ്വാസംമുട്ടി ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനുഷ്കയുടെ അമ്മ രാജേശ്വരി ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയാണ്.

ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുടുംബം കോല്യയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ അവധിയായതിനാൽ തനുഷ്ക സഹോദരങ്ങൾക്കൊപ്പം വീട്ടിലിരുന്ന് ലൂഡോ കളിക്കുകയായിരുന്നു.

കളിക്കുന്നതിനിടെ ലൂഡോയിലെ കോൺ ആകൃതിയിലുള്ള പ്ലാസ്റ്റിക് കരു തനുഷ്ക അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പരിഭ്രാന്തിയിലായ അമ്മ അയൽവാസികളുടെ സഹായത്തോടെ ഉടൻതന്നെ കുട്ടിയെ തൊക്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ദേരളക്കട്ടയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തനുഷ്ക മരണത്തിന് കീഴടങ്ങിയിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ശ്വാസകോശത്തിൽ കുടുങ്ങിയ നിലയിൽ പ്ലാസ്റ്റിക് കരു കണ്ടെത്തിയിട്ടുണ്ട്. തൊക്കോട്ടിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തനുഷ്ക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343585/eight-year-old-girl-dies-after-swallowing-coin-while-playing-ludo-in-mangaluru)