---
title: "കുട്ടികളിലെ ക്യാൻസർ: നേരത്തെ തിരിച്ചറിയാം, പൂർണ്ണമായി ഭേദമാക്കാം"
english_title: "How to recognize cancer in children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343525/how-to-recognize-cancer-in-children"
published_at: "2026-02-22T14:12:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ac1a873932_tru16.jpg"
keywords: []
---

# കുട്ടികളിലെ ക്യാൻസർ: നേരത്തെ തിരിച്ചറിയാം, പൂർണ്ണമായി ഭേദമാക്കാം

> **Lead Summary:** **[**ലോകമെമ്പാടും കുട്ടികളിലെ ക്യാൻസർ നിരക്ക് വർധിച്ചുവരുന്നത് ആശങ്കാജനകമാണെങ്കിലും, കൃത്യസമയത്തുള്ള ചികിത്സയിലൂടെ ഇവ പൂർണ്ണമായും ഭേദമാക്കാമെന്നത് ആശ്വാസകരമാണ്.

## Article Content

**[**ലോകമെമ്പാടും കുട്ടികളിലെ ക്യാൻസർ നിരക്ക് വർധിച്ചുവരുന്നത് ആശങ്കാജനകമാണെങ്കിലും, കൃത്യസമയത്തുള്ള ചികിത്സയിലൂടെ ഇവ പൂർണ്ണമായും ഭേദമാക്കാമെന്നത് ആശ്വാസകരമാണ്.

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ക്യാൻസർ സാധ്യത കുറവാണെങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികളിൽ പ്രധാനമായും കണ്ടുവരുന്നത് രക്താർബുദമാണ് (ലുക്കീമിയ അല്ലെങ്കിൽ ലിംഫോമ).

ഇതിനുപുറമെ കിഡ്നിയെ ബാധിക്കുന്ന വിൽമ്സ് ട്യൂമർ, അഡ്രിനൽ ഗ്രന്ഥികളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ, പേശികളെയും എല്ലുകളെയും ബാധിക്കുന്ന സാർക്കോമ എന്നിവയും സാധാരണയായി കണ്ടുവരുന്നു.

**ലക്ഷണങ്ങളും രോഗനിർണ്ണയവും**

രക്തകോശങ്ങളിലെ വ്യതിയാനം മൂലം ഹീമോഗ്ലോബിൻ കുറയുന്നത് വിളർച്ചയ്ക്കും അമിതമായ ക്ഷീണത്തിനും കാരണമാകുന്നു. വിട്ടുമാറാത്ത പനി, പ്ലേറ്റ്ലറ്റുകൾ കുറയുന്നത് മൂലമുണ്ടാകുന്ന അമിത രക്തസ്രാവം (ഉദാഹരണത്തിന് മൂക്കിൽ നിന്നുള്ള ബ്ലീഡിങ് അല്ലെങ്കിൽ ചർമ്മത്തിനടിയിലെ ചുവന്ന പാടുകൾ) എന്നിവ രക്താർബുദത്തിന്റെ ലക്ഷണങ്ങളാകാം.

ലളിതമായ ബ്ലഡ് ടെസ്റ്റുകളിലൂടെയും പെരിഫെറൽ സ്മിയർ പരിശോധനയിലൂടെയും ഇത് എളുപ്പത്തിൽ കണ്ടെത്താം. മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾ പലപ്പോഴും ശരീരത്തിലെ മുഴകളായോ വേദനയായോ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്കാനിംഗും തുടർന്ന് ബയോപ്സിയും നടത്തുന്നതിലൂടെ രോഗം സ്ഥിരീകരിക്കാനും സ്റ്റേജ് നിർണ്ണയിക്കാനും സാധിക്കും.

**കാരണങ്ങളും പാരമ്പര്യവും**

മുതിർന്നവരിൽ കാണുന്നതുപോലെ ജീവിതശൈലിയോ ദുശീലങ്ങളോ കുട്ടികളിലെ ക്യാൻസറിന് കാരണമാകാറില്ല. മിക്കവാറും ജനിതക മാറ്റങ്ങൾ (Genetic mutations) മൂലമാണ് രോഗമുണ്ടാകുന്നത്. എന്നാൽ ഇത് പാരമ്പര്യമായി ലഭിക്കണമെന്നില്ല.

പത്ത് ശതമാനത്തിൽ താഴെ കുട്ടികളിൽ മാത്രമേ പാരമ്പര്യ ഘടകങ്ങൾ കാണപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഒരു കുട്ടിക്ക് രോഗമുണ്ടെന്ന് കരുതി മറ്റുള്ളവർക്ക് രോഗം വരുമെന്ന് ഭയപ്പെടേണ്ടതില്ല.

**ചികിത്സാരീതികൾ**

രക്താർബുദത്തിന് പ്രധാനമായും കീമോതെറാപ്പിയാണ് നൽകുന്നത്. ഗുളികകളായോ ഇൻജക്ഷനായോ ഇത് നൽകാം. മറ്റ് അവയവങ്ങളെ ബാധിക്കുന്ന ട്യൂമറുകൾക്ക് കീമോതെറാപ്പിക്ക് പുറമെ സർജറിയും റേഡിയേഷനും ആവശ്യമായി വരാറുണ്ട്.

എന്നാൽ കൊച്ചു കുട്ടികളിൽ വളർച്ചാ പ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി റേഡിയേഷൻ ഒഴിവാക്കാനാണ് ഡോക്ടർമാർ ശ്രമിക്കാറുള്ളത്. കുട്ടികൾക്ക് ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കേണ്ടതിനാൽ പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സാ രീതികൾക്കാണ് മുൻഗണന നൽകുന്നത്.

**മുലയൂട്ടലും ക്യാൻസറും**

ക്യാൻസർ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നതിനാൽ ക്യാൻസർ ബാധിതരായ അമ്മമാർക്ക് മുലയൂട്ടുന്നതിൽ തടസ്സമില്ല. എന്നാൽ കീമോതെറാപ്പി ചികിത്സ എടുക്കുന്ന അമ്മമാരാണെങ്കിൽ മരുന്നിന്റെ അംശം മുലപ്പാലിലൂടെ കുട്ടിയിലെത്താൻ സാധ്യതയുണ്ട്.

അതിനാൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം സാഹചര്യങ്ങളിൽ മുലയൂട്ടാവൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343525/how-to-recognize-cancer-in-children)