---
title: "ആരാധനാലയങ്ങളും സ്മാരകങ്ങളും ലക്ഷ്യം; വ്യാജ ആധാറിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികളടക്കം എട്ട്  ഭീകരവാദികളെ പിടികൂടി"
english_title: "Eight terrorists arrested in Tamil Nadu for planning to carry out terror attacks in the country"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343496/eight-terrorists-arrested-in-tamil-nadu-for-planning-to-carry-out-terror-attacks-in-the-country"
published_at: "2026-02-22T11:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699aa0038ddbe_bomb_treat.jpg"
keywords: []
---

# ആരാധനാലയങ്ങളും സ്മാരകങ്ങളും ലക്ഷ്യം; വ്യാജ ആധാറിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികളടക്കം എട്ട്  ഭീകരവാദികളെ പിടികൂടി

> **Lead Summary:** **ന്യൂ ഡൽഹി: **ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇന്ന് നടത്തിയ വൻ ഓപ്പറേഷനിൽ, തമിഴ്‌നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി എട്ടു ഭീകരവാദികളെ പിടികൂടി. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ സ്ഫോടനങ്ങൾക്കും മറ്റ് അക്രമങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

## Article Content

**ന്യൂ ഡൽഹി: **ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇന്ന് നടത്തിയ വൻ ഓപ്പറേഷനിൽ, തമിഴ്‌നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി എട്ടു ഭീകരവാദികളെ പിടികൂടി. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ സ്ഫോടനങ്ങൾക്കും മറ്റ് അക്രമങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

ആറ് പേരെ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും രണ്ട് പേരെ ബംഗാളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വിദേശത്തുനിന്നുള്ളവരുടെ നിർദ്ദേശപ്രകാരം രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയവരിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും വ്യാജ ആധാറും മറ്റും ഉപയോഗിച്ച് രാജ്യത്ത് കഴിഞ്ഞുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായ പ്രതികൾ എല്ലാവരും തുണിമില്ലിലാണ് ജോലി ചെയ്തിരുന്നത്. എട്ട് മൊബൈൽ ഫോണുകൾ, 16 സിം കാർഡുകൾ എന്നിവയും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു.

രാജ്യത്തെ ആരാധനാലയങ്ങൾക്ക് നേരെയും ചരിത്ര സ്മാരകങ്ങൾക്ക് നേരെയും ലഷ്കർ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ലഷ്കർ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും വർധിപ്പിച്ചിരുന്നു.

രാജ്യതലസ്ഥാനത്ത് ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടുന്നതിലേക്കെത്തിയ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും 'ഫ്രീ കശ്മീർ' എന്ന പോസ്റ്റർ പതിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തുടങ്ങിയ അന്വേഷണമാണ് എട്ട് പേരുടെ അറസ്റ്റിൽ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343496/eight-terrorists-arrested-in-tamil-nadu-for-planning-to-carry-out-terror-attacks-in-the-country)