---
title: "ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഏപ്രിലിൽ; നിർണ്ണായക ഉദ്യോഗസ്ഥതല ചർച്ചകൾ നാളെ തുടങ്ങും"
english_title: "India-US trade deal in April; crucial official-level talks to begin tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343457/india-us-trade-deal-in-april-crucial-official-level-talks-to-begin-tomorrow"
published_at: "2026-02-22T08:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a728c46e89_7.jpg"
keywords: []
---

# ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഏപ്രിലിൽ; നിർണ്ണായക ഉദ്യോഗസ്ഥതല ചർച്ചകൾ നാളെ തുടങ്ങും

> **Lead Summary:** **ന്യൂഡൽഹി: **ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ ഏപ്രിൽ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മാർച്ചിൽ കരാറിൽ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

## Article Content

**ന്യൂഡൽഹി: **ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ ഏപ്രിൽ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മാർച്ചിൽ കരാറിൽ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

കരാറിന്റെ നിയമപരമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥ തലത്തിലുള്ള മൂന്ന് ദിവസത്തെ യോഗം നാളെ അമേരിക്കയിൽ ആരംഭിക്കും. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും ഏപ്രിലിൽ തന്നെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, യുഎസ് സുപ്രീം കോടതിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള തീരുവ തർക്കം കേന്ദ്ര സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. വിവിധ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

എന്നാൽ, കോടതി വിധിയെ തള്ളിയ ട്രംപ്, വിദേശ താല്പര്യങ്ങൾക്കനുസരിച്ചാണ് ജഡ്ജിമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുകയും 10 ശതമാനം അധിക ആഗോള തീരുവ താൽക്കാലികമായി ചുമത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള മൊത്തം താരിഫ് 18 ശതമാനമായി ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343457/india-us-trade-deal-in-april-crucial-official-level-talks-to-begin-tomorrow)