---
title: "മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു, തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ടു, അയൽവാസി അറസ്റ്റിൽ"
english_title: "A three year old girl was brutally raped and strangled to death by her neighbor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343397/a-three-year-old-girl-was-brutally-raped-and-strangled-to-death-by-her-neighbor"
published_at: "2026-02-21T16:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999974f7be45_crime.jpg"
keywords: []
---

# മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു, തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ടു, അയൽവാസി അറസ്റ്റിൽ

> **Lead Summary:** **ഗുരുഗ്രാം: ( **[www.truevisionnews.com]** )** മൂന്ന് വയസ്സുകാരിയെ അയൽവാസി ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സെക്ടർ 37-ൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. പ്രതി ബിഹാർ സ്വദേശി ശിവനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഗുരുഗ്രാം: ( **[www.truevisionnews.com]** )** മൂന്ന് വയസ്സുകാരിയെ അയൽവാസി ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സെക്ടർ 37-ൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. പ്രതി ബിഹാർ സ്വദേശി ശിവനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മിഠായി നൽകി പ്രലോഭിപ്പിച്ച് നാല് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ലൈം​ഗികാതിക്രമം നടത്തിയത്. പീഡനത്തിന് ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി, തെളിവ് നശിപ്പിക്കാനായി മൃതദേഹം വിജനമായ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, യുവാവ് കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയൽവാസിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതി കാണിച്ചുതന്ന സ്ഥലത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പ്രാദേശിക നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് പ്രതിയായ ശിവനാഥ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്രൂരകൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പ്രതിയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343397/a-three-year-old-girl-was-brutally-raped-and-strangled-to-death-by-her-neighbor)