---
title: "ഈന്തപ്പഴം അധികമാകേണ്ട, പാനീയങ്ങളിലും വേണം നിയന്ത്രണം; നോമ്പുതുറക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്"
english_title: "Don't forget these things when breaking your fast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343393/Don't-forget-these-things-when-breaking-your-fast"
published_at: "2026-02-21T16:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999967d98ce4_Dont_forget_these_things_when_breaking_your_fast.jpg"
keywords: []
---

# ഈന്തപ്പഴം അധികമാകേണ്ട, പാനീയങ്ങളിലും വേണം നിയന്ത്രണം; നോമ്പുതുറക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

> **Lead Summary:** വിശുദ്ധമായ റംസാൻ വ്രതകാലം ആത്മീയമായ ഉണർവിനൊപ്പം ശാരീരികമായ അച്ചടക്കത്തിന്റേത് കൂടിയാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ജാഗ്രത വേണ്ട സമയമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനോ കുറയാനോ , നിർജ്ജലീകരണം ഉണ്ടാകാനോ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

## Article Content

വിശുദ്ധമായ റംസാൻ വ്രതകാലം ആത്മീയമായ ഉണർവിനൊപ്പം ശാരീരികമായ അച്ചടക്കത്തിന്റേത് കൂടിയാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ജാഗ്രത വേണ്ട സമയമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനോ കുറയാനോ , നിർജ്ജലീകരണം ഉണ്ടാകാനോ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

**1. ഡോക്ടറുടെ നിർദ്ദേശം തേടുക**

നോമ്പ് തുടങ്ങുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുൻപ് തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. വ്രതകാലത്ത് നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെയോ ഇൻസുലിന്റെയോ അളവിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഡോക്ടർ തീരുമാനിക്കും. ഇത് സ്വയം ചെയ്യുന്നത് അപകടകരമാണ്.

**2. ഭക്ഷണക്രമം: എന്ത്, എങ്ങനെ കഴിക്കണം?**

മിതമായ ഭക്ഷണമാണ് പ്രവാചകചര്യയും ആരോഗ്യകരമായ രീതിയും. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും ബാക്കി ഭാഗം വായുവിനുമായി മാറ്റിവയ്ക്കണം.

അത്താഴം (സുഹൂർ): അത്താഴം കഴിവതും സൂര്യോദയത്തോട് അടുത്ത സമയത്ത് തന്നെ കഴിക്കുക. ചപ്പാത്തി, ബ്രെഡ് തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഉത്തമമാണ്. കുത്തരിച്ചോറ്, പരിപ്പ്, പയർ വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ബീഫ് ഒഴിവാക്കുന്നതാണ് ഹൃദയാരോഗ്യത്തിനും നല്ലത്.

നോമ്പുതുറ (ഇഫ്താർ): ഈന്തപ്പഴവും വെള്ളവും കഴിച്ച് നോമ്പ് തുറക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ സാധാരണ നിലയിലാക്കാൻ സഹായിക്കും. എന്നാൽ പ്രമേഹരോഗികൾ ഈന്തപ്പഴത്തിന്റെ അളവ് കുറയ്ക്കണം. ഒന്നിച്ച് വലിയ അളവിൽ ഭക്ഷണം കഴിക്കാതെ രണ്ടോ മൂന്നോ ഘട്ടങ്ങളായി ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കൂടുന്നത് തടയും.

**3. പാനീയങ്ങൾ ശ്രദ്ധിക്കുക**

വ്രതമില്ലാത്ത സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

പഴച്ചാറുകളേക്കാൾ പച്ചക്കറി ജ്യൂസുകളാണ് പ്രമേഹരോഗികൾക്ക് അനുയോജ്യം.

നോമ്പുതുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം പോലുള്ള പുളിരസമുള്ള പാനീയങ്ങൾ അമിതമായി ഉപയോഗിക്കരുത്.

മധുരപാനീയങ്ങൾ പരമാവധി ഒഴിവാക്കുക.

**4. ജാഗ്രത വേണ്ട ലക്ഷണങ്ങൾ**

നോമ്പുകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കണം. പഞ്ചസാരയുടെ അളവ് 70 മില്ലിഗ്രാമിൽ താഴെയോ 250 മില്ലിഗ്രാമിൽ കൂടുതലോ ആകുന്നത് അപകടകരമാണ്. ടൈപ്പ് 1 പ്രമേഹമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. തലകറക്കം, വിറയൽ, അമിതമായ വിയർപ്പ്, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നോമ്പ് അവസാനിപ്പിക്കുകയും വൈദ്യസഹായം തേടുകയും വേണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343393/Don't-forget-these-things-when-breaking-your-fast)