---
title: "താൽക്കാലികമായി നിർമിച്ച ബ്ലാക്ക് ബോർഡ് തകർന്ന് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം"
english_title: "A second grade girl met a tragic end when a temporarily constructed blackboard collapsed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343352/a-second-grade-girl-met-a-tragic-end-when-a-temporarily-constructed-blackboard-collapsed"
published_at: "2026-02-21T14:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699974d754105_death_child.jpg"
keywords: []
---

# താൽക്കാലികമായി നിർമിച്ച ബ്ലാക്ക് ബോർഡ് തകർന്ന് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **( **[www.truevisionnews.com]** ) **രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് സിമന്റ് കട്ടകളും ഫൈബറും ഉപയോഗിച്ച് നിർമ്മിച്ച ബ്ലാക്ക് ബോർഡും അതിന്റെ താങ്ങുഭിത്തിയും തകർന്ന് വീണത്.

## Article Content

**( **[www.truevisionnews.com]** ) **രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്കൂളിലെ താത്കാലിക ബോർഡ് തകർന്നുവീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. മരുതർ ശിക്ഷൺ സൻസ്ഥാനെന്ന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിയാണ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്തേക്ക് സിമന്റ് കട്ടകളും ഫൈബറും ഉപയോഗിച്ച് നിർമ്മിച്ച ബ്ലാക്ക് ബോർഡും അതിന്റെ താങ്ങുഭിത്തിയും തകർന്ന് വീണത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളിലെ ക്ലാസ് മുറികളും വളരെ അപകടകരമായ രീതിയിലുള്ള താൽക്കാലിക നിർമ്മിതികളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അഞ്ച് മുതൽ ഏഴ് അടി വരെ ഉയരത്തിൽ സിമന്റ് കട്ടകൾ അടുക്കി വെച്ച ഭിത്തികൾക്ക് മുകളിൽ മുളകളും ടാർപോളിനും ഉപയോഗിച്ചാണ് മേൽക്കൂര പണിഞ്ഞിരിക്കുന്നത്. ആറ് വർഷമായി സ്കൂൾ ഈ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകളുടെ മോശം അവസ്ഥയെപ്പറ്റി വ്യാപക പരാതികളും ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കളക്ടർ പ്രദീപ് ഗാവന്ദെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ നടപടിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343352/a-second-grade-girl-met-a-tragic-end-when-a-temporarily-constructed-blackboard-collapsed)