---
title: "കോടികൾ കാത്തിരുന്നവർക്ക് നിരാശ...! ക്രിസ്മസ് ബമ്പർ സമ്മാനത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി"
english_title: "High Court blocks distribution of Christmas bumper prize money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343329/high-court-blocks-distribution-of-christmas-bumper-prize-money-NEW-"
published_at: "2026-02-21T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699966473677c_COURT.jpg"
keywords: []
---

# കോടികൾ കാത്തിരുന്നവർക്ക് നിരാശ...! ക്രിസ്മസ് ബമ്പർ സമ്മാനത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം: ** കേരള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക വിജയിക്ക് കൈമാറുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടുവെന്നുകാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ.

## Article Content

**തിരുവനന്തപുരം: ** കേരള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക വിജയിക്ക് കൈമാറുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടുവെന്നുകാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ.

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സമ്മാനത്തുകയായ 20 കോടി രൂപ നൽകുന്നത് തടഞ്ഞു വയ്ക്കാനും, സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന് നിർദേശം നൽകി.

കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും. ജനുവരി 24നായിരുന്നു ക്രിസ്മസ് - പുതുവത്സര ലോട്ടറിയുടെ നറുക്കെടുപ്പ്. ആരാണ് ഈ ടിക്കറ്റ് എടുത്തത് എന്ന കാര്യം പുറത്തു വന്നിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന വിവരം മാത്രമാണ് പുറത്തു വന്നത്. എന്നാൽ ഒരാൾ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയതായി മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സജിമോൻ ഹരജി നൽകിയത്.

ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അവകാശവാദവുമായി റിട്ടയേർഡ് എഎസ്ഐ. പിറവം പാഴൂർ സ്വ​ദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്.

ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് ഇദ്ദേഹം പൊലീസിനെയും കോടതിയെയും സമീപിച്ചിരിക്കുകയാണ്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് നിലവിൽ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

പരാതിക്കാരനായ സജിമോൻ പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ്. വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്യ്പാത്രം മറന്നുവെച്ചിരുന്നുവെന്നും താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്യ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നുമാണ് സജിമോൻ പറയുന്നത്.

പിന്നീട് വിശാഖപട്ടണം സ്വദേശി ആവശ്യപ്പെട്ട പ്രകാരം നെയ്യ് പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് സജിമോൻ്റെ ആരോപണം. പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയർ ചെയ്തത്.

പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമ്മിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകിട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്യ് പാത്രം ലഭിച്ചു.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിൻ്റെ പുറത്ത് തൻ്റെ വിലാസാമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു. സജിമോൻ്റെ പരാതിയെ തുടർന്ന് പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343329/high-court-blocks-distribution-of-christmas-bumper-prize-money-NEW-)