---
title: "പ്രണയത്തിന് 'വീട്ടുകാരുടെ പച്ചക്കൊടി' നിർബന്ധം; ഒളിച്ചോട്ട വിവാഹങ്ങൾക്ക് പൂട്ടുവീഴും!"
english_title: "'Family members' green light' is mandatory for love; Runaway marriages will be banned!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343256/family-members-green-light-is-mandatory-for-love-runaway-marriages-will-be-banned"
published_at: "2026-02-21T09:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999327d89f25_Runaway_marriages_will_be_banned.jpg"
keywords: []
---

# പ്രണയത്തിന് 'വീട്ടുകാരുടെ പച്ചക്കൊടി' നിർബന്ധം; ഒളിച്ചോട്ട വിവാഹങ്ങൾക്ക് പൂട്ടുവീഴും!

> **Lead Summary:** അഹമ്മദാബാദ്: ഗുജറാത്തിൽ പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ സാന്നിധ്യവും അനുമതിയും നിർബന്ധമാക്കുന്ന നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. വധൂവരന്മാർ സ്വന്തം ജില്ലയിൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളാണ് പുതിയ ഭേദഗതിയിൽ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

## Article Content

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ സാന്നിധ്യവും അനുമതിയും നിർബന്ധമാക്കുന്ന നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. വധൂവരന്മാർ സ്വന്തം ജില്ലയിൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളാണ് പുതിയ ഭേദഗതിയിൽ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തങ്ങൾ പ്രണയത്തിന് എതിരല്ലെന്നും എന്നാൽ നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി. വിവാഹങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനും തട്ടിപ്പുകൾ ഒഴിവാക്കാനും മാതാപിതാക്കളുടെ അറിവോടുകൂടിയുള്ള രജിസ്ട്രേഷൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

മുസ്‍ലിം കുടുംബംങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുപോലും അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതനസംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പട്ടേൽ, ഠാക്കൂർ സമുദായസംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു വെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റൻ്റ് രജിസ്ട്രാർ പത്ത് ദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നാണ് പ്രധാന ഭേദ​ഗതി. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെയും പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്ന് വ്യക്തമാക്കണം.അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരി​ഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും. ഭേ​ദ​ഗതിസംബന്ധിച്ച് പൊതുജനങ്ങിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമ നിയമം തയ്യാറാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343256/family-members-green-light-is-mandatory-for-love-runaway-marriages-will-be-banned)