---
title: "ഇന്ത്യ സെമി കാണില്ല, മുന്നേറുന്നത് ആ രണ്ട് ടീമുകൾ; ലോകകപ്പിൽ വമ്പൻ പ്രവചനവുമായി മുഹമ്മദ് ആമിർ"
english_title: "Mohammad Amir makes a big prediction for the World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343252/mohammad-amir-makes-a-big-prediction-for-the-world-cup"
published_at: "2026-02-21T09:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69992fd3bde51_tru1.jpg"
keywords: []
---

# ഇന്ത്യ സെമി കാണില്ല, മുന്നേറുന്നത് ആ രണ്ട് ടീമുകൾ; ലോകകപ്പിൽ വമ്പൻ പ്രവചനവുമായി മുഹമ്മദ് ആമിർ

> **Lead Summary:** **കറാച്ചി: [[truevisionnews.com]] **ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന്റെ സെമി സാധ്യതകളെ തള്ളിക്കളഞ്ഞ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന പ്രസ്താവന ആമിർ നടത്തിയത്.

## Article Content

**കറാച്ചി: [[truevisionnews.com]] **ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന്റെ സെമി സാധ്യതകളെ തള്ളിക്കളഞ്ഞ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന പ്രസ്താവന ആമിർ നടത്തിയത്.

നിലവിലെ ഫോം അനുസരിച്ച് ഇന്ത്യ സെമി ഫൈനലിൽ എത്തില്ലെന്നും ഗ്രൂപ്പ് 1-ൽ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ആകും സെമിയിലേക്ക് യോഗ്യത നേടുകയെന്നുമാണ് ആമിറിന്റെ പക്ഷം. ഇന്ത്യ ഒരു മോശം ടീമാണെന്ന് താൻ കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ആമിർ, എന്നാൽ ബാറ്റിംഗ് പ്രകടനത്തിന്റെ കാര്യത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ ഒരുപടി മുന്നിലാണെന്ന് അഭിപ്രായപ്പെട്ടു.

തന്റെ വ്യക്തിപരമായ നിരീക്ഷണമാണിതെന്നും ഇന്ത്യ ഫൈനലിൽ എത്തണമെന്ന് നിർബന്ധപൂർവ്വം പറയാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ വെറുമൊരു 'സ്ലോഗർ' എന്ന് വിശേഷിപ്പിച്ച ആമിറിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു.

ആ പ്രസ്താവനയ്ക്ക് പിന്നാലെ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലടക്കം അഭിഷേക് പൂജ്യത്തിന് പുറത്തായതും ശ്രദ്ധേയമാണ്. ആമിറിന്റെ വിമർശനങ്ങൾ ഒരുവശത്ത് നിൽക്കുമ്പോഴും ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ഇന്ത്യ സൂപ്പർ 8-ലേക്ക് പ്രവേശിച്ചിരിക്കുന്നത്.

പാകിസ്ഥാൻ, യുഎസ്എ തുടങ്ങിയ ടീമുകളെ തകർത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. സൂപ്പർ 8-ൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ ദക്ഷിണാഫ്രിക്കയാണ്. തുടർന്ന് സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളെയും ഇന്ത്യ നേരിടും.

തോൽവി അറിയാതെ മുന്നേറുന്ന ദക്ഷിണാഫ്രിക്കയും വിൻഡീസും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ത്യയുടെ പോരാട്ടം കടുപ്പമേറിയതാകുമെന്ന് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343252/mohammad-amir-makes-a-big-prediction-for-the-world-cup)