---
title: "കൊല്ലാൻ നോക്കിയതാണോ?  വാഹനം തട്ടിയത് ചോദ്യം ചെയ്തു; തൃശൂരിൽ മുൻ പഞ്ചായത്ത് അംഗത്തെ കാറിടിച്ച് തെറിപ്പിച്ചു"
english_title: "Questioned over vehicle hit; Former panchayat member hit by car in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343225/questioned-over-vehicle-hit-former-panchayat-member-hit-by-car-in-thrissur"
published_at: "2026-02-21T06:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998fe1feb5ae_COMPLAINT.jpg"
keywords: []
---

# കൊല്ലാൻ നോക്കിയതാണോ?  വാഹനം തട്ടിയത് ചോദ്യം ചെയ്തു; തൃശൂരിൽ മുൻ പഞ്ചായത്ത് അംഗത്തെ കാറിടിച്ച് തെറിപ്പിച്ചു

> **Lead Summary:** **തൃശൂർ: **കോൺഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്താണ് സംഭവം.

## Article Content

**തൃശൂർ: **കോൺഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്താണ് സംഭവം.

പത്താം കല്ലിൽ നിന്നും ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഉരസിയതായി പറയുന്നു. തുടർന്ന് പൂരം നടക്കുന്ന തണ്ടയാംപറമ്പിൽ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് സ്കൂട്ടർ നിർത്തി നേന കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു. ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത് മുന്നോട്ട് കുതിച്ച് സ്കൂട്ടറിൽ ഇടിപ്പിച്ചു. പിന്നാലെ നേന റോഡിലേയ്ക്ക് തെറിച്ചു വീണു.

സാരമായി പരുക്കേൽക്കാതിരുന്നതിനാൽ ഉടനെ എഴുന്നേറ്റുവെങ്കിലും വീണ്ടും സ്കൂട്ടറിൽ കാറിടിപ്പിക്കുകയായിരുന്നു. ഓടിക്കുടിയ നാട്ടുകാർക്കുനേരെ കാറിലുണ്ടായിരുന്നയാൾ മഴു ഉയർത്തി ഭീഷണി മുഴക്കിയതായും പറയുന്നു.

സംഭവത്തിൽ ക്ഷേത്രത്തിനടുത്തുള്ള ബൈജൂ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്കൂട്ടർ യാത്രികയായ നേന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. സ്നേഹതീരം പാർക്ക് മാനേജരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343225/questioned-over-vehicle-hit-former-panchayat-member-hit-by-car-in-thrissur)