---
title: "'ഹായ്... എന്ത് മണം!' വാഴയിലയിൽ പൊള്ളിച്ചെടുത്ത കാന്താരി മീൻ മസാല തയ്യാറാക്കാം"
english_title: "How to prepare Kanthari fish masala by roasting it in banana leaves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343163/how-to-prepare-kanthari-fish-masala-by-roasting-it-in-banana-leaves"
published_at: "2026-02-20T16:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69983efbbba93_How_to_prepare_Kanthari_fish_masala_by_roasting_it_in_banana_leaves.jpg"
keywords: []
---

# 'ഹായ്... എന്ത് മണം!' വാഴയിലയിൽ പൊള്ളിച്ചെടുത്ത കാന്താരി മീൻ മസാല തയ്യാറാക്കാം

> **Lead Summary:** വാഴയിലയുടെ മണവും മീനിന്റെ രുചിയും ചേരുന്ന 'പൊള്ളിച്ച വിഭവങ്ങൾ' എന്നും ഭക്ഷണപ്രേമികളുടെ ദൗർബല്യമാണ്. കരിമീൻ മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള ഏത് മീനും ഇത്തരത്തിൽ നാടൻ രുചിക്കൂട്ടിൽ പൊള്ളിച്ചെടുക്കാവുന്നതാണ്. ചോറിന് മാത്രമല്ല, പാലപ്പത്തിനും വെള്ളയപ്പത്തിനുമൊക്കെ മികച്ച കോമ്പിനേഷനാണ് ഈ വിഭവം. വിഭവങ്ങളിൽ ഒരു പുതുമ ആഗ്രഹിക്കുന്നവർക്ക് കാന്താരി മുളക് ചേർത്തുള്ള ഈ പ്രത്യേക മീൻ പൊള്ളിച്ചത് തയ്യാറാക്കി നോക്കാം.

## Article Content

വാഴയിലയുടെ മണവും മീനിന്റെ രുചിയും ചേരുന്ന 'പൊള്ളിച്ച വിഭവങ്ങൾ' എന്നും ഭക്ഷണപ്രേമികളുടെ ദൗർബല്യമാണ്. കരിമീൻ മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള ഏത് മീനും ഇത്തരത്തിൽ നാടൻ രുചിക്കൂട്ടിൽ പൊള്ളിച്ചെടുക്കാവുന്നതാണ്. ചോറിന് മാത്രമല്ല, പാലപ്പത്തിനും വെള്ളയപ്പത്തിനുമൊക്കെ മികച്ച കോമ്പിനേഷനാണ് ഈ വിഭവം. വിഭവങ്ങളിൽ ഒരു പുതുമ ആഗ്രഹിക്കുന്നവർക്ക് കാന്താരി മുളക് ചേർത്തുള്ള ഈ പ്രത്യേക മീൻ പൊള്ളിച്ചത് തയ്യാറാക്കി നോക്കാം.

കാന്താരിയുടെ തനതായ എരിവും മണവും മീനിലേക്ക് അലിഞ്ഞുചേരുമ്പോൾ ലഭിക്കുന്ന സ്വാദ് വേറിട്ടൊരു അനുഭവമായിരിക്കും. കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവം ആരോഗ്യകരവും രുചികരവുമാണ്.

**ചേരുവകൾ**

**മാരിനേറ്റിന്:**

1/4 ടീസ്പൂൺ ജീരകം

1/4 ടീസ്പൂൺ കുരുമുളക്

1 തണ്ട് കറിവേപ്പില

5 ഉള്ളി

1 1/2 ടീസ്പൂൺ കാന്താരി

1 ഇഞ്ച് അരിഞ്ഞത്

8 അല്ലി വെളുത്തുള്ളി

1/2 നാരങ്ങയുടെ നീര്

ഉപ്പ്

1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി

**മീൻ മസാലയ്ക്ക്**

6 മീൻ കഷ്ണങ്ങൾ, വൃത്തിയാക്കിയത്

വെളിച്ചെണ്ണ: ആവശ്യത്തിന്

2 ഉള്ളി, ചെറുതായി അരിഞ്ഞത്

തക്കാളി ചെറുതായി അരിഞ്ഞത്

വാഴയില വാട്ടിയത്

**തയാറാക്കുന്ന വിധം**

ജീരകം, കുരുമുളക് എന്നിവ നന്നായി മിക്സിയിൽ പൊടിക്കുക കറിവേപ്പില, ഉള്ളി, കാന്താരി, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് അരച്ചെടുക്കണം. ഈ കൂട്ട് മറ്റൊരു ബൗളിലേക്ക് മാറ്റാം, അതിലേക്ക് നാരങ്ങാനീര്, ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് ഇളക്കുക. ഈ മസാല വൃത്തിയാക്കിയ മീൻ കഷ്ണങ്ങളിലേക്ക് പുരട്ടിവയ്ക്കാം. ഏകദേശം 30 മിനിറ്റ് മാറ്റിവയ്ക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ ചെറുതായി തവിട്ടുനിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം. അതേ എണ്ണയിൽ ഉള്ളി ചെറുതായി അരിഞ്ഞതും തക്കാളിയും ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. മീനിൽ പുരട്ടിയ അതേ മസാല ചേർത്ത് പച്ച മണം മാറുന്നിടം വരെ വഴറ്റണം. ശേഷം വാട്ടിയ വാഴയിലയിൽ മസാലകൂട്ട് വച്ച് ഫ്രൈ ചെയ്ത മീൻ വയ്ക്കാം മുകളിൽ വീണ്ടും മസാലകൂട്ട് വച്ച് ഇല മടക്കാം. ഇങ്ങനെ ഓരോ മീനും വാഴയിലയിൽ പൊതിയാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ഈ വാഴയിലയിൽ പൊതിഞ്ഞ മീൻ ചേർത്ത് മൂടിവച്ച് വേവിക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. ഹാ വാഴയിലയിൽ പൊള്ളിച്ചെടുത്ത മീൻമസാല ചോറിന് സൂപ്പറാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343163/how-to-prepare-kanthari-fish-masala-by-roasting-it-in-banana-leaves)